പത്തനംതിട്ടയിൽ ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു
സിഐടിയു പ്രവർത്തകനായ ജിതിനാണ് മരിച്ചത്
പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. സിഐടിയു പ്രവർത്തകനായ ജിതിനാണ് മരിച്ചത്. കൊലക്ക് പിന്നിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.
മഠത്തുംമൂഴി മേഖലയിൽ സമീപ ദിവസങ്ങളിലായി യുവാക്കൾ തമ്മിൽ ലോഡിങ്ങുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. ഈ പ്രശ്നത്തിന്റെ തുടർച്ചയായി ഇന്നലെ രാത്രി യുവാക്കൾ തമ്മിൽ സംഘർഷമുണ്ടാവുകയും ജിതിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ജിതിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനും പരിക്കേറ്റു. കൊലപാതകത്തിനു പിന്നിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.
പരിക്കേറ്റയാൾ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജിതിനെ കുത്തി കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. രാഷ്ട്രീയ സംഘർഷത്തിന് സാധ്യതയുള്ള മേഖലകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി.