വയനാട്ടിലെ കടുവ ആക്രമണം: രാധയുടെ വീട്ടിലെത്തിയ എ.കെ ശശീന്ദ്രനെതിരെ നാട്ടുകാരുടെ പ്രതിഷേധം
ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി അറിയിച്ചതിനെ തുടർന്നാണ് വാഹനം കടത്തിവിട്ടത്
വയനാട്: വയനാട്ടിൽ കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ വനംമന്ത്രി എ.കെ ശശീന്ദ്രനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിയുടെ വാഹനം തടഞ്ഞ നാട്ടുകാർ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്നലെ വയനാട്ടിൽ കടുവക്കായി തിരച്ചിൽ നടക്കുമ്പോൾ മറ്റൊരു പരിപാടിയിൽ മന്ത്രി പാട്ടുപാടിയതിലാണ് നാട്ടുകാർ രോഷാകുലരായത്. രാധയെ കടുവ കൊന്നതു വനത്തിൽ വച്ചാണ്, സമരം രാഷ്ട്രീയപ്രേരിതമാണ് എന്നീ പ്രസ്താവനകൾ പിൻവലിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു.
സമീപകാല ചരിത്രത്തിൽ ഒരു മന്ത്രിക്ക് നേരിടേണ്ടിവന്ന ഏറ്റവും കടുത്ത പ്രതിഷേധമാണ് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് നേരിടേണ്ടി വന്നത്. ഉച്ചയ്ക്കുശേഷം മൂന്നരയോടെ പഞ്ചാരക്കൊല്ലിയിലെത്തിയ മന്ത്രിയുടെ വാഹനത്തിന് മുന്നിൽ കുത്തിയിരുന്നും റോഡിൽ കിടന്നും മുദ്രാവാക്യം വിളിച്ചും നാട്ടുകാർ പ്രതിഷേധിച്ചു. കനത്ത പൊലീസ് ബന്ധവസ് ഒരുക്കിയിട്ടും അരമണിക്കൂറിലധികം നേരം മന്ത്രിവാഹനത്തിന് റോഡിൽ തന്നെ കിടക്കേണ്ടിവന്നു.
ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി അറിയിച്ചിട്ടും പ്രതിഷേധം തുടർന്നു. നേരിയ തോതിൽ ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ വകഞ്ഞുമാറ്റിയാണ് ഒടുവിൽ വാഹനം പൊലീസ് കടത്തിവിട്ടത്. ശേഷം രാധയുടെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. പിന്നീട് ഗസ്റ്റ്ഹൗസിൽ എത്തിയ മന്ത്രിക്ക് നേരെ വീണ്ടും പ്രതിഷേധം ഉയർന്നെങ്കിലും അവരെ വിശ്വാസത്തിലെടുക്കാനും ആശ്വസിപ്പിക്കാനും മന്ത്രിക്ക് കഴിഞ്ഞു. സംഭവബഹുലമായ സന്ദർശനത്തിനു ശേഷം,നേരത്തെ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ്ചികിത്സയിൽ കഴിയുന്ന ആർആർടി അംഗം ജയസൂര്യയെ മാനന്തവാടി മെഡിക്കൽ കോളജിലെത്തി കണ്ടാണ് മന്ത്രി മടങ്ങിയത്.