മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും; വിവാദം

ദുരിതാശ്വാസ നിധി ഫണ്ട് കേസ് പരിഗണനയിലിരിക്കെ വിരുന്നിൽ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി പരാതിക്കാരൻ ആർ.എസ് ശശികുമാർ പറഞ്ഞു

Update: 2023-04-08 07:46 GMT
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്ത് വിവാദത്തിൽ. ദുരിതാശ്വാസ നിധി ഫണ്ട് കേസ് പരിഗണനയിലിരിക്കെ വിരുന്നിൽ പങ്കെടുത്തത് വഴി ലോകായുക്തയിലെ വിശ്വാസം നഷ്ടപ്പെട്ടതായി പരാതിക്കാരൻ ആർ.എസ് ശശികുമാർ പറഞ്ഞു. പി.ആർ.ഡി നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെ ഒഴിവാക്കിയിരുന്നു.

ചൊവ്വാഴ്ച നിയമസഭയുടെ മെമ്പേഴ്‌സ് ലോഞ്ചിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്താർ വിരുന്ന് ഒരുക്കിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും, മന്ത്രിമാരും, പ്രതിപക്ഷനേതാവുമെല്ലാം ഇഫ്താറിൽ പങ്കെടുത്തിരിന്നു.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും ഇഫ്താറിൽ പങ്കെടുത്തതിനെ ചൊല്ലിയാണ് ഇപ്പോൾ വിവാദം. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് ഫുൾ ബഞ്ചിന് വിടാനുള്ള തീരുമാനം കഴിഞ്ഞാഴ്ചാണ് ലോകായുക്ത പുറപ്പെടുവിച്ചത്. ഈ വിധി മുഖ്യമന്ത്രിക്ക് വലിയ ആശ്വാസവുമായിരിന്നു. ലോകായുക്ത ഫുൾ ബെഞ്ച് ഈ മാസം 12 ന് കേസ് പരിഗണിക്കാനിരിക്കെ വിരുന്നിലെ ലോകായുക്തയുടെയും ഉപലോകായുക്തയുടേയും സാന്നിധ്യത്തെയാണ് പരാതിക്കാരൻ ആർ.എസ് ശശികുമാർ ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രിയുടേയും ഗവർണറുടേയും സൽക്കാരങ്ങളിൽ ലോകായുക്ത പങ്കെടുക്കാറുള്ളത് പതിവാണെന്നും ഇപ്പോഴത്തേത് അനാവശ്യ വിവാദമാണെന്നുമാണ് സർക്കാർ വിശദീകരണം. ചാനലുകൾക്ക് പി.ആർ.ഡി നൽകിയ ദൃശ്യങ്ങളിലും ലോകായുക്തയെയും ഉപലോകായുക്തയേയും ഒഴിവാക്കിയിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News