മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന പരാതിയില്‍ ലോകായുക്ത വിധി ഇന്ന്

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി അടുത്ത് നില്‍ക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് അനര്‍ഹമായി ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ചെന്നാണ് പരാതി

Update: 2023-03-31 01:26 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന പരാതിയില്‍ ലോകായുക്ത ഇന്ന് വിധി പറയും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി അടുത്ത് നില്‍ക്കുന്നവരുടെ കുടുംബത്തിന് അനര്‍ഹമായി ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിച്ചെന്നാണ് പരാതി. ഹരജിയില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് പരിഗണിക്കാന്‍ ലോകായുക്ത തീരുമാനിച്ചത്.

എൻ.സി.പി നേതാവായിരുന്ന ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചു, അന്തരിച്ച ചെങ്ങന്നൂർ എം.എൽ.എ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം രൂപ നല്‍കി, സി.പി.എം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപ അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നാണ് കാട്ടിയാണ് ആര്‍.എസ് ശശികുമാര്‍ ലോകായുക്തയെ സമീപിച്ചത്. ഇതില്‍ വിശദമായി വാദം 2022 മാർച്ച് 18ന് പൂർത്തിയായിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിയായിരുന്ന കെ.ടി ജലീല്‍ രാജി വെയ്ക്കാന്‍ ഇടയായ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് നിയമസഭ നിയമം പാസാക്കി.

Advertising
Advertising

വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്നാണ് പരാതിക്കാന്‍ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രില്‍ 16 ന് മുന്‍പ് കേസ് പരിഗണിക്കമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കിയതോടെയാണ് ഇന്ന് വിധി പറയാന്‍ ലോകായുക്ത തീരുമാനിച്ചത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ റഷീദും ഉൾപ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്. നിയമസഭ പാസ്സാക്കിയ നിയമത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാകാത്തതുകൊണ്ട് വിധി മുഖ്യമന്ത്രിക്കും നിര്‍ണായകമാണ്.


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News