പോപുലർ ഫ്രണ്ട് നേതാവ് ഇ.അബൂബക്കറിന് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് മഅ്‌ദനി

ഈയിടെ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു

Update: 2022-11-09 16:23 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: യു.എ.പി.എ ചുമത്തപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന പോപുലർ ഫ്രണ്ട്  നേതാവ് ഇ.അബൂബക്കറിന്‍റെ ചികിത്സക്കായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിർ മഅ്‌ദനി.

ഈയിടെ അബൂബക്കറിന്‍റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യംതേടി ആദ്യം വിചാരണ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് എൻ.ഐ.എ ഹൈക്കോടതിയെ അറിയിച്ചു. തന്‍റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അബൂബക്കര്‍ ഹരജിയിൽ ആവശ്യപ്പെട്ടത്. ചികിത്സാരേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഹരജി തള്ളുകയും എന്‍.ഐ.എ കോടതിയെ സമീപിക്കാൻ നിർദേശം നൽകുകയുമായിരുന്നു.

മഅ്‌ദനിയുടെ കുറിപ്പ്

യു.എ.പി.എ ചുമത്തപ്പെട്ട് തിഹാർ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്ന പോപുലർ ഫ്രണ്ട് മുൻ നേതാവ് ജനാബ്. ഇ.അബൂബക്കറിന്‍റെ ആരോഗ്യനില അതീവമോശമാണെന്ന് അദ്ദേഹത്തിന്‍റെ കുടുംബം വാർത്താസമ്മേളനത്തിൽ പറഞ്ഞിരിക്കുന്നു. ക്യാൻസറും പാർകിൻസണ്‍സും കടുത്ത പ്രമേഹവും ഉൾപ്പടെയുള്ള വിവിധ രോഗങ്ങൾ കൊണ്ട് അദ്ദേഹം വളരെ ബുദ്ധിമുട്ടുന്നു എന്നും കോടതി നിർദ്ദേശമുണ്ടായിട്ടും അദ്ദേഹത്തിന് ആവശ്യമായ ചികിത്സ നൽകുന്നില്ലായെന്നുമാണ് അദ്ദേഹത്തിന്‍റെ കുടുംബം പറഞ്ഞിരിക്കുന്നത്. സംഘടനാപരവും ആശയപരവും ആയുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇത്തരം ഘട്ടങ്ങളിൽ നിശബ്ദത പുലർത്തുന്നതിനുള്ള കാരണം ആയിക്കൂടാ. അദ്ദേഹത്തിന് അർഹമായ ചികിത്സ നൽകുന്നതിന് ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് അടിയന്തരമായ ഇടപെടൽ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്

അബ്ദുന്നാസിർ മഅ്‌ദനി, ബാംഗ്ലൂർ

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News