‘മാരാരിക്കുളത്ത് അച്യുതാനന്ദന്റെ പരാജയം മുന്‍കൂട്ടി മണത്തറിഞ്ഞ മാധ്യമം’; അനുഭവം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ

തിരഞ്ഞെടുപ്പിൽ കേരളം ഇടതുമുന്നണിക്കനുകൂലമാവുകയും അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുകയും ചെയ്യുമെന്ന പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയായിരുന്നു മാധ്യമം പത്രത്തിൽ അദ്ദേഹം പരാജയപ്പെട്ടേക്കാമെന്ന വിലയിരുത്തൽ നൽകിയത്. അതിന് പിന്നാലെയുണ്ടായ അനുഭവങ്ങൾ വിശദീകരിച്ച് മാധ്യമം മുൻ ലേഖകൻ

Update: 2025-07-23 15:48 GMT

ആലപ്പുഴ: 1996ലെ തിരഞ്ഞെടുപ്പിൽ വി.എസ് അച്യുതാനനന്ദൻ പരാജയപ്പെടുമെന്ന് വിലയിരുത്തൽ ‘മാധ്യമം’ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെയുണ്ടായ അനുഭവങ്ങൾ പങ്കുവെച്ച് മാധ്യമം മുൻ ലേഖകൻ. പ്രതിപക്ഷ നേതാവായിരുന്നുകൊണ്ട് മത്സരിച്ചപ്പോള്‍ ആര്‍ക്കും തോല്‍പിക്കാനാവില്ലെന്ന മട്ടില്‍ വിജയം സുനിശ്ചിതം എന്ന രീതിയില്‍ തെരഞ്ഞെടുപ്പു ഫലം വരും മുമ്പേ തന്നെ ജനം വിധിയെഴുതിയ മണ്ഡലമായിരുന്നു മാരാരിക്കുളം. തിരഞ്ഞെടുപ്പിൽ കേരളം ഇടതുമുന്നണിക്കനുകൂലമാവുകയും അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുകയും ചെയ്യുമെന്ന പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയായിരുന്നു മാധ്യമം പത്രത്തിൽ അദ്ദേഹം പരാജയപ്പെട്ടേക്കാമെന്ന് അന്ന് മാധ്യമം ലേഖകനായ പി.എം മായിൻകുട്ടിയുടെ വിലയിരുത്തൽ. ‘ആലപ്പുഴയിൽ ഇടതുമുന്നണി വിയർക്കുന്നു’ എന്ന തലക്കെട്ടിൽ 1996 ഏപ്രിൽ 24 ന് മാധ്യമത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ അനുഭവങ്ങളും ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.

Advertising
Advertising

 

കുറിപ്പിന്റെ പൂർണരൂപം

1996ലെ അച്യുതാനന്ദന്റെ മാരാരിക്കുളം തെരഞ്ഞെടുപ്പ് പരാജയം മുന്‍കൂട്ടി മണത്തറിഞ്ഞ മാധ്യമം

പതിനായിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റു വാങ്ങി ആലപ്പുഴയുടെ വീരപുത്രന്‍ വി.എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇപ്പോള്‍ ആലപ്പുഴ മണ്ണിലാണുള്ളത്. അച്യുതാനന്ദനെ വളര്‍ത്തുന്നതിനും തളര്‍ത്തുന്നതിലും നിര്‍ണായക പങ്കാണ് ആലപ്പുഴ വഹിച്ചിട്ടുള്ളത്. ഈ വേളയില്‍ എന്റെ ഓര്‍മയിലെത്തുന്നത് 1996ലെ അച്യുതാനന്ദന്റെ മാരാരിക്കുളത്തെ തെരഞ്ഞെടുപ്പു പരാജയമാണ്. പ്രതിപക്ഷ നേതാവായിരുന്നുകൊണ്ട് മത്സരിച്ചപ്പോള്‍ ആര്‍ക്കും തോല്‍പിക്കാനാവില്ലെന്ന മട്ടില്‍ വിജയം സുനിശ്ചിതം എന്ന രീതിയില്‍ തെരഞ്ഞെടുപ്പു ഫലം വരും മുമ്പേ തന്നെ ജനം വിധിയെഴുതിയ മണ്ഡലമായിരുന്നു മാരാരിക്കുളം. എന്നാല്‍ യഥാര്‍ഥ ഫലം പുറത്തു വന്നപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന അച്യുതാനന്ദന് തോല്‍വിയാണ് മണ്ഡലം സമ്മാനിച്ചത്. ഇത് അച്യുതാനന്ദനെയും പാര്‍ട്ടിയേയും മാത്രമല്ല, കേരളത്തിലെ ജനത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു. ഈ നിമിഷങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ച് ആ സമയം മാധ്യമം ലേഖകനായി ആലപ്പുഴയില്‍ ഞാനുമുണ്ടായിരുന്നു.

അച്യുതാനന്ദന് മാരാരിക്കുളത്ത് ജയസാധ്യത കുറവാണെന്ന് പ്രചാരണം അന്തിമ ഘട്ടത്തിലെത്തിയ നിമിഷം കാര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് എഴുതിയ ഏക പത്രപ്രവര്‍ത്തകന്‍ ഞാനായിരുന്നു. മാധ്യമത്തില്‍ തെരഞ്ഞെടുപ്പ് അവലോകനത്തിലായിരുന്നു ഇതു സൂചിപ്പിച്ചത്. സംസ്ഥാനമൊന്നാകെ മാരാരിക്കുളത്ത് അച്യുതാനന്ദന് ഈസി വാക്കോവര്‍ എന്ന മട്ടിലായിരുന്നു കണ്ടിരുന്നത്. പാര്‍ട്ടിക്കും അച്യുതാനന്ദനും മറിച്ചൊന്നു ചിന്തിക്കാനുമാവില്ലായിരുന്നു. കാരണം അന്നു സംസ്ഥാനം പൊതുവെ ഇടതു തരംഗത്തിലായിരുന്നു. കേരളമൊട്ടാകെയുള്ള പ്രചാരണത്തിന് നേതൃത്വം വഹിച്ചിരുന്നതും അച്യുതാനന്ദന്‍ ആയിരുന്നു. കേരളം ഇടതുമുന്നണിക്കനുകൂലമാവുകയും അച്യുതനന്ദന്‍ മുഖ്യമന്ത്രിയാവുകയും ചെയ്യുമെന്ന പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയായിരുന്നു എന്റെ അച്യുതാനന്ദന്‍ പരാജയപ്പെട്ടേക്കാമെന്ന വിലയിരുത്തല്‍. ഈ വാര്‍ത്ത പുറത്തു വന്നതോടെ സഖാക്കള്‍ മാത്രമല്ല, രാഷ്ടീയ നിരീക്ഷകര്‍ വരെ എനിക്കെതിരെ തിരിഞ്ഞു. ഇത്തരമൊരു വിലയിരുത്തല്‍ എന്തടിസ്ഥാനത്തിലാണെന്നായി പല കോണുകളില്‍ നിന്നുള്ള ചോദ്യം. മാധ്യമം എഡിറ്റര്‍ അടക്കമുള്ളവര്‍ക്കും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സമാധാനം പറയേണ്ടിവന്നു. ഇതോടെ ഓഫീസും എന്നില്‍ നിന്ന് വിശദീകരണം തേടി.

പ്രചാരണ വേളയില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി അച്യുതാനന്ദനോടൊപ്പം സഞ്ചരിച്ചുകൊണ്ടും മണ്ഡലത്തിലെ അടിയൊഴുക്കുകള്‍ മനസിലാക്കിയുമായിരുന്നു എന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോള്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതുപോലെ അച്യുതാനന്ദന്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കോണ്‍സിലെ അഡ്വ. പി.ജെ. ഫ്രാന്‍സിസിനോട് പരാജപ്പെട്ടു. 1965 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. അത്രയൊന്നും പ്രശസ്തനല്ലാതിരിക്കുകയും തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയം മാത്രം രുചിക്കുകയും ചെയ്തിട്ടുള്ള ഫ്രാന്‍സിസിനോടായിരുന്നു തോല്‍വിയെന്നത് പരാജയത്തിന്റെ ആഘാതം കൂട്ടി.

മുഖ്യമന്ത്രിയാകാന്‍ പോകുന്ന അച്യുതാനന്ദനെ തോല്‍പിക്കണമെന്ന മട്ടില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ചിലര്‍ നടത്തിയ ചരടുവലികളായിരുന്നു 1991ല്‍ ഇതേ മണ്ഡലത്തില്‍ 9980 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച അച്യുതാനന്ദനുണ്ടായ പരാജയത്തിന്റെ മുഖ്യ കാരണം. പിന്നീട് അച്യുതാനന്ദന്റെ തോല്‍വിയെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തുകയും അതിനുത്തരവാദികളായവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതും ചരിത്രം. മാരാരിക്കുളത്ത് പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ട് വന്ന ദേശാഭിമാനിയില്‍ ഇഎംഎസ് എഴുതിയ ഒരു ലേഖനവും അച്യുതാനന്ദന്റെ പരാജയത്തിനു കാരണമായ മറ്റൊരു ഘടകമാണെന്ന വിലയിരുത്തലും അന്നുണ്ടായിരുന്നു. നവോത്ഥാന നായകര്‍ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോട് ആഭിമുഖ്യം പുലര്‍ത്താനായില്ല എന്നായിരുന്നു ഈ വിവാദ ലേഖനത്തിന്റെ ഉള്ളടക്കം. ഇത് പി.ജെ ഫ്രാന്‍സിസിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന വി.എം സുധീരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് നേതാക്കള്‍ പ്രചാരണ വിഷയമാക്കിയിരുന്നു.

അന്ന് മാരാരിക്കുളത്തെ വിജയം അച്യുതാനന്ദന് അനുകൂലമായിരുന്നുവെങ്കില്‍ എന്റെ കഥ എന്താകുമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അച്യുതാനന്ദന്‍ പരാജയപ്പെടുകയും പാര്‍ട്ടിക്കകത്തും പുറത്തുമെല്ലാം ഇത് ഏറെക്കാലം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തപ്പോഴെല്ലാം മാധ്യമം വാര്‍ത്ത ചരിത്ര രേഖയായി വെട്ടിതിളങ്ങി നിന്നു. അന്നത്തെ അവിസമരണീയ നിമിഷങ്ങളാണ് ഇന്ന് ആലപ്പുഴയുടെ വിപ്ലവ മണ്ണിലൂടെ ചേതനയറ്റ ശരീരമായി പതിനായിരങ്ങളുടെ അന്തിമോപചാരങ്ങള്‍ ഏറ്റുവാങ്ങി അച്യുതനന്ദന്‍ നീങ്ങുമ്പോള്‍ മനസില്‍ ഓടിയെത്തിയത്. 1996ലെ ആ തെരഞ്ഞെടുപ്പ് തോല്‍വി വിഎസിനെ തളര്‍ത്തിയില്ല. രാഷ്ട്രീയ അടിയൊഴുക്കുകളെ പലകുറി മുറിച്ചു കടന്ന അദ്ദേഹം 'തോറ്റ ചരിത്രം' തിരുത്തിയ കമ്മ്യൂണിസ്റ്റാണ്. അദ്ദേഹത്തിന്റെ നിരവധി പത്രസമ്മേളനങ്ങളും പ്രസംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. അതില്‍ ഒരിക്കലും മറക്കാനാവാത്തതാണ് മാരാരിക്കുളത്തെ തെരഞ്ഞെടുപ്പ് അവലോകനം.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News