'പശ്ചിമഘട്ടത്തെ തകർക്കും'; വയനാട് തുരങ്കപാതക്കെതിരെ തിരുവമ്പാടി പുല്ലൂരാംപാറയിൽ മാവോയിസ്റ്റ് പോസ്റ്റർ
വൈത്തിരിയിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി പി ജലീലിന്റെ ഘാതകരെ ശിക്ഷിക്കണം തുടങ്ങി നിരവധി ആവശ്യങ്ങളും പോസ്റ്ററിലുണ്ട്
കോഴിക്കോട്: ആനയ്ക്കാംപൊയിൽ കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുരങ്ക പാതയുടെ നിർമാണം ആരംഭിക്കുന്നതോടെ നാളുകൾ നീണ്ട യാത്രാ ദുരിതത്തിനാണ് പരിഹാരമാകുന്നത്. അതിനിടെ തിരുവമ്പാടിയിൽ തുരങ്ക പാതക്കെതിരെ മാവോയിസ്റ്റ് പോസ്റ്റർ പതിച്ചു.
പശ്ചിമ ഘട്ട പ്രദേശങ്ങളെതകർക്കുന്ന തുരങ്കപാതാ നിർമാണം പുനഃപരിശോധിക്കുക,വൈത്തിരിയിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി പി ജലീലിന്റെ ഘാതകരെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്.
കീഴടങ്ങിയിട്ടുള്ള മാവോയിസ്റ്റുകൾക്കുവേണ്ടി പ്രഖ്യാപിച്ചിട്ടുള്ള പുനരധിവാസ പാക്കേജുകൾ നടപ്പിലാകുക, പിണറായി പൊലീസ് മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കുക,യുഎപിഎ ചുമത്തി തുറുങ്കിൽ അടച്ച പ്രവർത്തകരെ മോചിപ്പിക്കുക,ആദിവാസികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തുക തുടങ്ങിയവ ആവശ്യങ്ങളും പോസ്റ്ററിലുണ്ട്.