മാർ തോമസ് തറയിൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ: സിറോ മലബാർ സഭയ്ക്ക് പുതിയ ആർച്ച് ബിഷപ്പുമാർ
വത്തിക്കാനിലും കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഔദ്യോഗിക പ്രഖ്യാപനം നടത്തി
എറണാകുളം: ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതയുടെ മെത്രാനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെയും സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. ഓഗസ്റ്റ് 19 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ കൂരിയയിൽ നടന്നുകൊണ്ടിരുന്ന മെത്രാൻ സിനഡാണ് ഇവരെ പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തത്. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നതോടെ മാർ തോമസ് തറയിൽ ചുമതലയേൽക്കും. നിലവിൽ ചങ്ങനാശേരി അതിരൂപത സഹായ മെത്രാനാണു മാർ തോമസ് തറയിൽ.
നിലവിൽ അഡിലാബാദ് ബിഷപ്പാണ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ. ഷംഷാബാദ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായതോടെയാണ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ഷംഷാബാദ് അതിരൂപതയുടെ അധ്യക്ഷ പദവിയിൽ എത്തുന്നത്.
ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടത്തി. സഭയുടെ ആസ്ഥാന കാര്യാലയത്തിൽ നടത്തിയ പൊതുസമ്മേളനത്തിൽ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മാർ തോമസ് തറയിലിനെ ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ടുള്ള മേജർ ആർച്ചുബിഷപ്പിന്റെ കല്പന മേജർ ആർക്കി എപ്പിസ്‌കോപ്പൽ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിലും മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെ ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള കല്പന മേജർ ആർക്കി എപ്പിസ്‌കോപ്പൽ വൈസ് ചാൻസലർ ഫാ. ജോസഫ് മറ്റത്തിലും വായിച്ചു.