സംസ്ഥാനത്തെ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഇന്ന്

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെ

Update: 2025-12-26 01:58 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഇന്ന്.രാവിലെ 10.30 നാകും മേയർ തെരഞ്ഞെടുപ്പ് നടക്കുക.ഉച്ചയ്ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും.കോർപ്പറേഷനിൽ ജില്ലാ കലക്ടർമാരായിരിക്കും വരണാധികാരികൾ. മുനിസിപ്പാലിറ്റികളിലും പ്രത്യേകം വരണാധികാരികളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ നിശ്ചയിച്ച സംവരണാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വരണാധികാരി മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും.തെരഞ്ഞെടുപ്പ് നടന്ന ആറ് കോർപറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലും അധ്യക്ഷ, ഉപാധ്യക്ഷതെരഞ്ഞെടുപ്പ് ഇന്നുണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 2.30നും നടക്കും.

Advertising
Advertising

അതിനിടെ, തർക്കങ്ങൾക്കൊടുവിൽ തൃശൂർ കോർപറേഷനിൽ ഡോ. നിജി ജസ്റ്റിനെ മേയറായും എ.പ്രസാദിനെ ഡെപ്യൂട്ടി മേയറായും പ്രഖ്യാപിച്ച് യുഡിഎഫ്.  33 അംഗങ്ങളുള്ള കോൺഗ്രസിന് 56 അംഗ കോർപ്പറേഷനിൽ ലഭിച്ചത് വലിയ ഭൂരിപക്ഷമാണ്. അതേസമയം, മേയർ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് പ്രതിപക്ഷമായ എൽഡിഎഫിന്റെയും എൻഡിഎയുടെയും തീരുമാനം.

കോർപ്പറേഷൻ കമ്മറ്റി യോഗം ചേർന്ന് ഇന്ന് രാവിലെ മേയർ ,ഡെപ്യൂട്ടി മേയർ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് ഇരുമുന്നണികളും അറിയിച്ചു. പത്തു വർഷത്തിനുശേഷം എൽഡിഎഫിന് ഭരണം നഷ്ടമായ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 33 , എൽഡിഎഫ് 13 , എൻഡിഎ 8 എന്നിങ്ങനെയാണ് മുന്നണികൾ സീറ്റുകളിൽ വിജയിച്ചത്. കുന്നംകുളം മുനിസിപ്പാലിറ്റിയിൽ സിപിഎമ്മിലെ സൗമ്യ അനിലൻ ചെയർപേഴ്സൺ ആവും. കൊടുങ്ങല്ലൂരിൽ സിപിഐയിലെ ഹണി പീതാംബരനും, ചാവക്കാട് എച്ച് അക്ബറും, ഇരിഞ്ഞാലക്കുടിയിൽ എംപി ജാക്സണും ചെയർമാനാകും.

കൊച്ചി കോര്‍പറേഷന്‍ മേയ‍ര്‍ സ്ഥാനത്തേക്ക് യുഡിഎഫിലെ വി.കെ മിനിമോള്‍ മത്സരിക്കും. ദീപക് ജോയ് ആണ് യുഡിഎഫിന്റെ ഡെപ്യൂട്ടി മേയ‍ര്‍ സ്ഥാനാര്‍ഥി. ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായ തൃപ്പൂണിത്തുറ നഗരസഭയില്‍ അഡ്വ. പി എല്‍ ബാബുവാണ് ചെയ‍ര്‍പേഴസണ്‍ സ്ഥാനാര്‍ഥി.

ബിജെപിയെ മാറ്റി നി‍ര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ താത്പര്യമില്ലെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ആ‍ര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ഏലൂ‍ര്‍ നഗരസഭയില്‍ 15 സീറ്റുള്ള എല്‍ഡിഎഫാണ് ഏറ്റവും വലിയ മുന്നണി. യുഡിഎഫും ബിജെപിയും അട്ടിമറിക്ക് ശ്രമിക്കുന്നില്ലെങ്കില്‍ എല്‍ഡിഎഫിന് ചെയ‍ര്‍മാന് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനാകും. തൂക്കുസഭയായ അങ്കമാലി നഗരസഭയില്‍ സ്വതന്ത്രന്‍മാരുടെ പിന്തുണയോടെ ഭരണം പിടിക്കാന്‍ യുഡിഎഫ് ധാരണയിലെത്തിയിട്ടുണ്ട്. യുഡിഎഫിലെ റീത്താപോള്‍ ചെയ‍ര്‍പേഴ്സണ്‍ സ്ഥാനത്തേക്കും സ്വതന്ത്രന്‍ വിത്സണ്‍ മുണ്ടാടന്‍ വൈസ് ചെയ‍ര്‍പേഴ്സണ്‍ സ്ഥാനത്തേക്കും മത്സരിക്കും.

കൊല്ലം കോർപ്പറേഷനിലേക്കുള്ള മേയർ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകളിൽ മൂന്ന് മുന്നണികളും മത്സരിക്കും. 27 അംഗങ്ങളുള്ള യുഡിഎഫ് മേയർ സ്ഥാനത്തേക്ക് എ.കെ ഹഫീസിനെയും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഡോ. ഉദയ സുകുമാരനെയും മത്സരിപ്പിക്കും. എൽഡിഎഫ് മേയർ സ്ഥാനത്തേക്ക് കന്നിമേൽ ഡിവിഷനിൽ നിന്ന് വിജയിച്ച പി.ജെ രാജേന്ദ്രനെ ആണ് നിർത്തുന്നത്. 16 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. എൻഡിഎയിൽ നിന്ന് മേയർ സ്ഥാനത്തേക്ക് ജി.ഗിരീഷും,ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ബി.ഷൈലജയെയുമാണ് മത്സരിക്കുന്നത്. ആർഎസ്പിയുടെയും മുസ്‍ലിം ലീഗിന്റെയും എതിർപ്പുകൾ മറികടന്നാണ് രണ്ടു സ്ഥാനങ്ങളിലേക്കും കോൺഗ്രസ് മത്സരിക്കുന്നത്. നാല് നഗരസഭകളിൽ ഒരിടത്ത് യുഡിഎഫും മൂന്നിടത്തു എൽഡിഎഫും ഭരണം നടത്തും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News