'കത്ത് കൃത്രിമം': ആര്യ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്.

Update: 2022-11-08 16:22 GMT
Advertising

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കത്ത് കൃത്രിമമെന്നാണ് മേയറുടെ മൊഴി. ഉപയോഗിച്ച ലെറ്റർ പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണെന്ന് സംശയമുണ്ട്. പഴയ ലെറ്റർ പാഡിന്റെ ഹെഡറും സീലും വെച്ച് കത്ത് തയ്യാറാക്കിയതാവാമെന്നും ആര്യ രാജേന്ദ്രന്‍ മൊഴി നല്‍കി.

വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. മേയര്‍ സമയം നല്‍കിയതു അനുസരിച്ച് ഇന്ന് ഉച്ച കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്.

തന്‍റെ പേരില്‍ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഉത്തരവിട്ടത്. തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു മുന്‍ഗണന പട്ടിക തയ്യാറാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയർ കത്തയച്ചെന്നാണ് ആരോപണം. മേയറുടെ ലെറ്റര്‍പാഡിലുള്ള കത്ത് പുറത്തുവന്നു.

സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട 295 ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ജില്ലാ സെക്രട്ടറിയോട് അഭ്യർഥിക്കുന്നതാണ് കത്ത്. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തിയ്യതി കത്തിലുണ്ട്. ഈ മാസം ഒന്നിന് അയച്ച കത്ത് വാട്സാപ് ഗ്രൂപ്പുകൾ വഴി പരസ്യമായി പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

അതിനിടെ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാൽ തലസ്ഥാനം ഇന്നും പ്രക്ഷുബ്ധമായി. രാവിലെ നഗരസഭയിലേക്ക് പുറപ്പെട്ട മേയറെ കെ.എസ്‌.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പൊലീസ് സുരക്ഷയിലാണ് മേയർ നഗരസഭയിലെത്തിയത്. മേയറെ തടയാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

മേയറുടെയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ അനിലിന്റെയും ഓഫീസുകൾക്ക് മുന്നിൽ കിടന്ന് പ്രതിഷേധിച്ച ബി.ജെ.പി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. മേയറുടെ രാജി ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.വി രാജേഷ് പറഞ്ഞു.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫിന്റെ അനിശ്ചിതകാല സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ വൻ പൊലീസ് സന്നാഹം നഗരസഭയ്ക്ക് അകത്തും പുറത്തും ഒരുക്കിയിട്ടുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News