'ആത്മഹത്യ ചെയ്തുവെന്നത് സംശയകരം'; അന്വേഷണം ആവശ്യപ്പെട്ട് മിഹിറിന്‍റെ പിതാവ്
മിഹിറിനെ ജനുവരി 15നാണ് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി പിതാവ്. സന്തോഷവാനായി വീട്ടിലെത്തിയ മകന്‍റെ ആത്മഹത്യ സംശയകരമെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, റാഗിങ് പരാതിയില്‍ പുത്തന്‍കുരിശ് പൊലീസും അന്വേഷണം ആരംഭിച്ചു.
അമ്മയ്ക്കും രണ്ടാനച്ഛനൊപ്പവും തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ കഴിഞ്ഞിരുന്ന മകന്‍ തന്നോട് സ്ഥിരമായി ആശയവിനിമയം നടത്താറുണ്ടെന്നും എന്തെങ്കിലും പ്രശ്നമുളളതായി മകന്‍ പറഞ്ഞിട്ടില്ലെന്നും പിതാവ് ഷഫീഖ് മാടമ്പാട്ട് പറയുന്നു. സന്തോഷവാനായി വീട്ടിലെത്തിയ മകന്‍ ആത്മഹത്യചെയ്യുന്നതെങ്ങനെയെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും പിതാവ് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. നിലവില്‍ തൃപ്പൂണിത്തുറ പൊലീസ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് അന്വേഷണം നടത്തുന്നത്.
മിഹിര്‍ കടുത്ത റാഗിങ്ങിന് വിധേയനായി എന്ന ആരോപണത്തില്‍ പുത്തന്‍കുരിശ് പൊലീസും അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് പൊലീസിന്‍റെ നടപടി. മിഹിറിന്‍റെ സഹോദരന്‍റെ മൊഴി പുത്തന്‍കുരിശ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ മാനേജ്മെന്‍റിന്‍റെയും സഹപാഠികളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും.
ആരോപണം തെളിഞ്ഞാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകാനാണ് തീരുമാനം. അതേസമയം, പിഡിപിയുടെയും ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്‍റെയും നേതൃത്വത്തില്‍ ഗ്ലോബല്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധം നടന്നു.