'80 സ്‌ക്വയർ മീറ്റർ വരെ ചില്ലിക്കാശ് വർധിപ്പിച്ചിട്ടില്ല, തദ്ദേശ സ്ഥാപനങ്ങൾക്ക് വരുമാനം കണ്ടെത്തേണ്ടേ?'; നികുതി വർധന ന്യായീകരിച്ച് മന്ത്രി എംബി രാജേഷ്

സേവനം മെച്ചപ്പെടുന്നുണ്ടെന്ന വസ്തുത മറച്ചുവെക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി

Update: 2023-05-03 12:28 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: കെട്ടിട നികുതി കുറയ്ക്കില്ലെന്ന് ആവർത്തിച്ച് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. 25 ശതമാനം ശുപാർശ ചെയ്തിടത്ത് അഞ്ച് ശതമാനം വർധന മാത്രമാണ് ഉണ്ടായിരുന്നതെന്നും നികുതി കുറയ്ക്കുമെന്ന് ആസൂത്രിതമായി പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 80 സ്‌ക്വയർ ഫീറ്റ് വരെ ഒരു ചില്ലിക്കാശ് പോലും നികുതി വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങൾക്ക് മാത്രമാണ് മെച്ചമുണ്ടാകുന്നത്. സർക്കാരിന് ഇതിൽ നിന്ന് യാതൊരു വരുമാനവുമില്ല. ഇന്ത്യയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ പ്ലാൻ ഫണ്ട് കൊടുക്കുന്ന സംസ്ഥാനം കേരളമാണ്. 27.19 ശതമാനമാണ് ഈ വർഷം തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട്. ഇന്ത്യയിലെ ഒരു സംസ്ഥാനവും ഇതിന്റെ പകുതി പ്ലാൻ ഫണ്ട് പോലും കൊടുക്കുന്നില്ല. ഇനിയും തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ പണം കണ്ടെത്തണമെങ്കിൽ അത് സംസ്ഥാന സർക്കാറിന് മാത്രം കൊടുക്കാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

തദ്ദേശ സ്ഥാപനങ്ങൾ അവരുടെ തനത് വരുമാനം കണ്ടെത്തണം. തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ തനത് വരുമാനം കണ്ടെത്തണമെന്നത് എല്ലാ ധനകാര്യ കമ്മീഷനുകളും ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യമാണ്. തനത് വരുമാനം 90 ശതമാനമെങ്കിലും കൈവരിച്ചില്ലെങ്കിൽ പ്ലാൻ ഫണ്ടിൽ ഒരു ശതമാനം വീതം കുറയ്ക്കണെമന്നും ധനകാര്യ കമ്മീഷൻ നിഷ്‌കർഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

അധിക നികുതി വരുമാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം തയ്യാറാക്കിയ ചില തദ്ദേശ സ്ഥാപനങ്ങൾക്ക് തന്നെ അത് സാധ്യമല്ലെന്ന കാര്യമറിയാം. ഇതൊക്കെ രാഷ്ട്രീയപരമായ കാര്യങ്ങൾ മാത്രമാണ്. നിയമപരമായി അത് നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു. 

പല കാര്യങ്ങളും മറച്ചുവെച്ചാണ് വ്യാജ പ്രചാരണങ്ങൾ നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെട്ടിട നിർമാണ പെർമിറ്റിന് അപേക്ഷ കൊടുത്താൽ അന്നേ ദിവസം തന്നെ കിട്ടുകയാണെന്ന കാര്യം മറച്ചുവെക്കരുത്. രണ്ടാഴ്ച കൊണ്ട് 195 പെർമിറ്റാണ് തിരുവനന്തപുരം നഗരസഭയിൽ മാത്രം കൊടുത്തത്. അതൊരു ചെറിയ കാര്യമല്ല. അവധി ദിവസങ്ങളിൽ പോലും ഇപ്പോൾ പെർമിറ്റ് ലഭിക്കുന്നുണ്ട്. സേവനം മെച്ചപ്പെടുന്നുണ്ടെന്ന വസ്തുത മറച്ചുവെക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. 

കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കുന്നതിനുള്ള കാലതാമസമായിരുന്നു ഇത്രയും കാലം തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ട് വെച്ചിരുന്ന പരാതി. നഗരസഭകളിൽ ഈ പരാതി പരിഹരിച്ചുകഴിഞ്ഞു. വൈകാതെ പഞ്ചായത്തുകളിലും അത് നടപ്പാകും. 3000 സ്‌ക്വയർ ഫീറ്റ് വരെയുള്ള കെട്ടിട നിർമാണങ്ങൾക്ക് ഒരു മണിക്കൂറിനുള്ളിൽ തന്നെ പെർമിറ്റ് ലഭിക്കുന്ന സംവിധാനം നിലവിലുണ്ട്. ഏറ്റവും കൂടുതൽ അഴിമതി ആക്ഷേപങ്ങൾ വരുന്നതും പെർമിറ്റുമായി ബന്ധപ്പെട്ടായിരുന്നു. ഇതിന്റെ നിരാശയിൽ ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ്. കൈക്കൂലിയായി പോയ പണമെല്ലാം ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ വരുമാനമായി ലഭിക്കുന്നുണ്ട്. ഓൺലൈൻ സംവിധാനം ആയതുകൊണ്ട് തന്നെ മറ്റ് അഴിമതികളൊന്നും പെർമിറ്റിൽ ഉണ്ടാകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

വസ്തു(കെട്ടിട) നികുതിയിലെയും പെർമിറ്റ് ഫീസിലെയും അന്യായമായ വർധന പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയങ്ങൾ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ച് സർക്കാരിനു നൽകാൻ പാർട്ടി സമിതി ശുപാർശ ചെയ്‌തിരുന്നു. ഇത് സംബന്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News