എ.സി റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് മന്ത്രി പി.കെ ബഷീർ; മാക്കേകടവ്–നേരേകടവ് പാലം ഉദ്ഘാടന വേദിയിൽ രാഷ്ട്രീയപ്പോര്
എ.സി റോഡിന് 647 കോടി രൂപ അനുവദിച്ചതും പരിശോധിക്കേണ്ടതുണ്ടെന്ന് പി.കെ ബഷീർ
ആലപ്പുഴ: മാക്കേകടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങ് രാഷ്ട്രീയവിവാദങ്ങൾക്കും വാക്കുതർക്കങ്ങൾക്കും വേദിയായി. പാലത്തിന്റെ നിർമാണത്തിൽ മുൻ എൽഡിഎഫ് സർക്കാരിന്റെ പങ്ക് ചൂണ്ടിക്കാട്ടി മുൻ എംപി എ.എം. ആരിഫ് രംഗത്തെത്തിയപ്പോൾ, പ്രസംഗിക്കാൻ അവസരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വൈക്കം മുൻ എംഎൽഎ സി.കെ. ആശ വേദിവിട്ടു.
പാലത്തിന്റെ 90 ശതമാനം നിർമാണവും എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് പൂർത്തിയാക്കിയതെന്ന് എ.എം. ആരിഫ് പറഞ്ഞു. അന്നത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് ഉദ്ഘാടനം നടത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തീയതി ലഭിക്കാത്തതിനാലാണ് അന്ന് ചടങ്ങ് നടക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പാലം ഒരു ദിവസംകൊണ്ട് ഉണ്ടായതല്ലെന്നും വർഷങ്ങളായുള്ള ജനപ്രതിനിധികളുടെ ഇടപെടലിന്റെയും പരിശ്രമത്തിന്റെയും ഫലമാണെന്നും ആരിഫ് പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ മുൻപ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ വിസ്മരിക്കുന്നുവെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. പ്രസംഗത്തിനിടെ ആരിഫിനെ കോൺഗ്രസ് പ്രവർത്തകർ കൂകിവിളിച്ചതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ, ആലപ്പുഴ–ചങ്ങനാശ്ശേരി (എ.സി.) റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും രംഗത്തെത്തി. 647 കോടി രൂപയുടെ നിർമാണച്ചെലവ് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രസംഗിക്കാൻ അവസരം ലഭിച്ചില്ല; സി.കെ. ആശ വേദിവിട്ടു
ചടങ്ങിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ചാണ് വൈക്കം മുൻ എംഎൽഎ സി.കെ ആശ വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ കാലത്തെ ഇടപെടലുകൾക്കിടയിലും ഉദ്ഘാടനച്ചടങ്ങിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയാണ് രാഷ്ട്രീയവിവാദത്തിന് വഴിവെച്ചത്.
കെ.സി. വേണുഗോപാലിന്റെ പേര്; സദസിനെ തിരുത്തി മന്ത്രി
സ്ഥലം എംപി കെ.സി വേണുഗോപാലിന്റെ പേര് പരാമർശിക്കാത്തതിനെക്കുറിച്ച് സദസിൽ നിന്ന് ചോദ്യം ഉയർന്നപ്പോൾ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ പ്രതികരിച്ചു. കെ.സി. വേണുഗോപാൽ വേദിയിൽ ഇല്ലാത്തതിനാലാണ് പേര് പറയാതിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.“ഞാൻ ഏറനാട്ടിൽ നിന്നാണ് വരുന്നത്. നിങ്ങളുടെ കളിയൊക്കെ എനിക്ക് അറിയാം” എന്ന മന്ത്രിയുടെ പരാമർശവും ചടങ്ങിൽ ശ്രദ്ധേയമായി.
എ.സി റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് മന്ത്രി
ആലപ്പുഴ–ചങ്ങനാശ്ശേരി റോഡ് നിർമാണത്തിലും മന്ത്രി പി.കെ. ബഷീർ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു. 25 കിലോമീറ്റർ ദൂരമുള്ള റോഡിന് നൂറുകണക്കിന് കോടി രൂപ ചെലവഴിച്ചതിന്റെ കണക്കുകൾ വിശ്വസനീയമല്ലെന്നായിരുന്നു മന്ത്രിയുടെ വിമർശനം.
എ.സി റോഡിന് 647 കോടി രൂപ അനുവദിച്ചതും പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കരാർ നൽകിയ നിർമാണത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജി. സുധാകരൻ എംഎൽഎ കത്ത് നൽകിയിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തുമെന്നും പി.കെ. ബഷീർ വ്യക്തമാക്കി.പാലം ഉദ്ഘാടനച്ചടങ്ങിലെ രാഷ്ട്രീയവിമർശനങ്ങൾക്കൊപ്പം എ.സി റോഡ് നിർമാണത്തിലെ ചെലവുകളെക്കുറിച്ചുള്ള മന്ത്രിയുടെ പരാമർശവും പുതിയ രാഷ്ട്രീയചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.