Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയെ പരിഹസിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി വി.ശിവൻകുട്ടി. സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ച് ആയിരിക്കും അദ്ദേഹത്തിന്റെ പരാമർശമെന്ന് വി.ശിവൻകുട്ടി പറഞ്ഞു
കുടുംബത്തെ കൊണ്ട് പോലും കള്ളവോട്ട് ചെയ്യിപ്പിച്ച ആളാണെന്നും നാക്ക് എടുത്താൽ കള്ളത്തരം പറയുന്നവനാണ് സുരേഷ് ഗോപിയെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. കള്ളവോട്ട് ജയിച്ചു വന്നവരല്ല താനൊക്കെ. കേന്ദ്രമന്ത്രിയായി ഇത്രയും ദിവസമായിട്ടും നാടിന് മുട്ടുസൂചിയുടെ പ്രയോജനം ഉണ്ടായിട്ടുണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു.
അദ്ദേഹം പറയുന്നതിന് നാട്ടുകാർ വില കൊടുക്കുന്നില്ല. വായിൽ തോന്നിയത് എല്ലാം വിളിച്ച് പറഞ്ഞു നടക്കുന്നു. അപേക്ഷ നൽകുന്നവരെയെല്ലാം പറഞ്ഞുവിടുന്നു. ആരുടെയും പ്രശ്നങ്ങൾ കേൾക്കാൻ സമയമില്ല. നിവേദനം വാങ്ങി കർച്ചീഫ് വച്ച് തുടച്ചു കളഞ്ഞയാളാണ് അദ്ദേഹം. സിനിമ സ്റ്റൈലിൽ കലിംഗസമാണ് സുരേഷ് ഗോപിയുടെ പുതിയ സിദ്ധാന്തമെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.
നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത് അവരൊക്കെ തെറിച്ചുമാറട്ടെയെന്നായിരുന്നു വട്ടവടയിൽ നടന്ന കലുങ്ക് സംഗമത്തിൽ സുരേഷ് ഗോപിയുടെ പരാമർശം. പ്രദേശത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ കൂടി വേണം എന്ന ആവശ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.