വാവ സുരേഷിന് സി.പി.എം വീട് വെച്ച് നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ

ജനങ്ങളുടെ പ്രാര്‍ഥന മൂലമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് വാവ സുരേഷ്

Update: 2022-02-07 07:02 GMT
Advertising

വാവ സുരേഷിന് സി.പി.എം വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ. അഭയം ചാരിറ്റബിൾ ട്രസ്റ്റ് മായി സഹകരിച്ചാകും വീട് നൽകുകയെന്നും വാസവന്‍ പറഞ്ഞു. പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിടുന്ന സമയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു. ഈ അവസരത്തിലാണ് മന്ത്രി ഇക്കാര്യം അറിയച്ചത്.

ജനങ്ങളുടെ പ്രാര്‍ഥന മൂലമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന വാവ സുരേഷിന് കഴിഞ്ഞ ദിവസങ്ങളിലാണ് ഓർമശക്തിയും സംസാരശേഷിയും തിരിച്ചുകിട്ടിയത്. ഇത് രണ്ടാം ജന്മമാണെന്നും അവസരോചിതമായി എല്ലാവരും ഇടപെട്ടതു കാരണമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും വാവ സുരേഷ് പറഞ്ഞു.

അതേസമയം അപകടം പറ്റി കിടക്കുമ്പോള്‍ പലരും തനിക്കെതിരെ പലരും ക്യാമ്പെയിന്‍ നടത്തിയെന്നും വാവ സുരേഷ് പറഞ്ഞു. ശാസ്ത്രീയമായി പാമ്പുപിടിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു രീതിയും പൂര്‍ണമായും സുരക്ഷിതമല്ലെന്നും പാമ്പ് പിടിത്തം നിര്‍ത്തുമോ എന്ന ചോദ്യത്തിന് ജീവിതാവസാനം വരെ പാമ്പുപിടിത്തക്കാരനായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വാവ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടയില്‍ വാവ സുരേഷിന് കടിയേറ്റത്. ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽവെച്ച് വൈകിട്ട് 4.30-ഓടെയായിരുന്നു സംഭവം. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ സുരേഷിൻറെ വലതുതുടയിൽ മൂര്‍ഖന്‍ അപ്രതീക്ഷിതമായി കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News