ശൈത്യകാല ഷെഡ്യൂൾ വെട്ടിക്കുറയ്ക്കാനുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് തീരുമാനം കേരളത്തോടുള്ള ചിറ്റമ്മനയം: എം.കെ രാഘവൻ എംപി
സംസ്ഥാനത്ത് രൂക്ഷമായ വിമാനയാത്ര പ്രതിസന്ധി സൃഷ്ടിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപ്പെടണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനോട് ആവശ്യപ്പെട്ടതായും എം.കെ രാഘവൻ പറഞ്ഞു
MK Raghavan | Photo | Mathrubhumi
കോഴിക്കോട്: എയർ ഇന്ത്യ എക്‌സ്പ്രസ് ശൈത്യകാല ഷെഡ്യൂളിൽ സംസ്ഥാനത്തെ 75ൽ കൂടുതൽ ഫ്‌ളൈറ്റുകൾ റദ്ദാക്കിയത് വഴി കേരളത്തോട് കാട്ടുന്നത് കടുത്ത വെല്ലുവിളിയാണെന്ന് എം.കെ രാഘവൻ എം.പി. രാജ്യത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തെ ഏക പ്രീമിയം എയർലൈൻ ആയ എയർ ഇന്ത്യ കേരളത്തിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത് നാമമാത്രമായ സർവീസുകൾ ആണ്. ഇപ്പോൾ എയർ ഇന്ത്യ എക്‌സ്പ്രസ് കൂടി സംസ്ഥാനത്ത് നിന്ന് വൻതോതിൽ സർവീസുകൾ പിൻവലിക്കുന്നത് സംസ്ഥാനത്തെ പ്രവാസികളോടുള്ള കടുത്ത വെല്ലുവിളിയാണെന്നും എം.പി പറഞ്ഞു.
സംസ്ഥാനത്ത് രൂക്ഷമായ വിമാനയാത്ര പ്രതിസന്ധി സൃഷ്ടിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപ്പെടണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനോട് ആവശ്യപ്പെട്ടതായും എംപി പറഞ്ഞു. വിഷയം ചർച്ച ചെയ്യുന്നതിനായി സംസ്ഥാനത്തെ എം.പിമാരുടെയും എയർലൈൻ കമ്പനിയുടെയും അടിയന്തര യോഗം വിളിക്കണമെന്നും കേന്ദ്ര മന്ത്രിയോട് എം.പി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിസന്ധി കാലത്ത് കമ്പനിയെ താങ്ങി നിർത്തിയ മലയാളി പ്രവാസികളെ അവഗണിക്കുന്നതിൽ നിന്ന് കമ്പനി പിന്മാറണമെന്ന് ടാറ്റ എയർ ഇന്ത്യ ചെയർമാൻ എൻ.ചന്ദ്രശേഖരന് നൽകിയ കത്തിൽ എംപി ആവശ്യപ്പെട്ടു.