ലോക് ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയത് 11 ലക്ഷത്തിലധികം പ്രവാസികള്‍, കേരളത്തിന് 10,000 കോടി രൂപയുടെ നഷ്ടം

ആദ്യ ലോക് ഡൗണ്‍ മുതല്‍ ഇതുവരെ മടങ്ങിയെത്തിയ 15 ലക്ഷം പേരില്‍ 11 ലക്ഷം പേരും ജോലി നഷ്ടപ്പെട്ട് വന്നവരാണെന്നാണ് നോർക്കയുടെ കണക്ക്

Update: 2021-07-29 05:40 GMT
Editor : ijas
Advertising

ലോക് ഡൗണ്‍ കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയത് 11 ലക്ഷത്തിലധികം പ്രവാസികള്‍. വിദേശത്ത് നിന്നുള്ള വരുമാനം 10 ശതമാനം കുറഞ്ഞപ്പോള്‍ കേരളത്തിന് ഒരു വർഷമുണ്ടാകുന്നത് 10,000 കോടി രൂപയുടെ നഷ്ടമാണ്. 4 ലക്ഷത്തോളം പേർക്ക് മാത്രമാണ് തിരികെ പോകാനായത്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളുടെ ജീവിതവും കേരളത്തിന്‍റെ വരുമാനവുമാണ് ഇതോടെ പ്രതിസന്ധിയിലായത്.

Full View

സൗദി രാജ കുടുംബത്തിന്‍റെ അധീനതയിലുള്ള ഹൈടെക്ക് ഫാമിലെ ജോലിക്കാരനായിരുന്ന കോഴിക്കോട് ചെറുവാടി സ്വദേശി അബ്ദുല്‍ ലത്തീഫിന് ഇപ്പോള്‍ ജോലി ഉണക്ക മീന്‍ വില്‍പ്പനയാണ്. ഇതൊരു പ്രവാസിയുടെ മാത്രം അവസ്ഥയല്ല. ലോക്ഡൗൺ കാരണം വിദേശത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തേണ്ടിവരുന്ന 11 ലക്ഷത്തിലധികം വരുന്ന പ്രവാസികള്‍ ജോലി കണ്ടെത്താനായി പാടുപെടുകയാണ്. ലക്ഷക്കണക്കിന് രൂപ മാസം ശമ്പളം കിട്ടിയിരുന്നവർ വരെ ഇപ്പോള്‍ ദൈനംദിന ചിലവ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്.

ആദ്യ ലോക് ഡൗണ്‍ മുതല്‍ ഇതുവരെ മടങ്ങിയെത്തിയ 15 ലക്ഷം പേരില്‍ 11 ലക്ഷം പേരും ജോലി നഷ്ടപ്പെട്ട് വന്നവരാണെന്നാണ് നോർക്കയുടെ കണക്ക്. ഇതില്‍ 4 ലക്ഷത്തോളം പേർ തിരികെപോയെന്ന് കരുതുന്നു. അത് പരിഗണിച്ചാലും 7 ലക്ഷത്തിലധികം പേർ ഇപ്പോഴും കേരളത്തില്‍ വിദേശത്തെ തൊഴില്‍ നഷ്ടപ്പെട്ട് കഴിയുന്നവരുണ്ട്. പ്രവാസികള്‍ കേരളത്തിലേക്ക് ഒരു വർഷം അയക്കുന്നത് ഒരു ലക്ഷം കോടി രൂപയെന്നാണ് ഔദ്യോഗിക കണക്ക്. ലോക്ഡൗണ്‍ ഈ വരുമാനത്തിന്‍റെ 10 ശതമാനം നഷ്ടപ്പെടുത്തി. അതായത് ഒരുവർഷം കേരളത്തിന്‍റെ വരുമാനം നഷ്ടം 10,000 കോടി രൂപ വരും. ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ഇത് ബാധിക്കുന്നത്.

കേരള മോഡല്‍ വികസനത്തിന്‍റെ നട്ടെല്ലാണ് പ്രവാസികളും അവർ കേരളത്തിലേക്കയക്കുന്ന പണവും. അതിന് ക്ഷതമേല്‍ക്കുമ്പോള്‍ അത് ബാധിക്കുന്നത് ഏതാനും കുടുംബങ്ങളെ മാത്രമല്ല. കേരളത്തിന്‍റെ സാമ്പത്തികാവസ്ഥയെ മൊത്തം തന്നെയാണ്. അത് കൊണ്ടു തന്നെ പരിഹാരമാർഗങ്ങള്‍ കണ്ടെത്തേണ്ടതും സർക്കാർ ഉള്‍പ്പെടെ കേരളത്തിന്‍റെയാകെ ഉത്തരവാദിത്തമാണ്

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News