'ഈ പ്രശ്നങ്ങൾ പരിഹരിച്ചിട്ട് പോരേ സോഷ്യൽ മീഡിയാ വിസിബിലിറ്റിക്കായുള്ള പ്രകടനം?' വിദ്യാഭ്യാസ മന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി എംഎസ്എഫ്
വർഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്ത് അധ്യാപകർ ആത്മഹത്യ ചെയ്യുമ്പോൾ എന്താണ് സർക്കാർ ഇടപെടാത്തതെന്നും ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്
മലപ്പുറം: പിൻബെഞ്ചുകാരെ ഇല്ലാതാക്കാനും അവധിക്കാലം പുനഃക്രമീകരിക്കാനും സോഷ്യല്‍മീഡിയയില്‍ അഭിപ്രായം തേടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയോട് അഞ്ച് ചോദ്യങ്ങളുമായി എംഎസ്എഫ് ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്. മതിയായ ബാച്ചുകളില്ലാതെ പ്ലസ് വണ്‍ ക്ലാസുകളിൽ ബെഞ്ചുകളിൽ തിങ്ങിനിറഞ്ഞിരുന്ന് പഠിക്കുന്ന മലബാറിലെ കുട്ടികൾക്ക് എന്നാണ് ഈ ദുരവസ്ഥയിൽ നിന്ന് മോചനമുണ്ടാവുകയെന്ന് സ്വാഹിബ് മുഹമ്മദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ക്ലാസ് തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഇത് വരെ പല സ്‌കൂളുകളിലും വിദ്യാർഥികൾക്ക് യൂണിഫോമോ,പാഠപുസ്തകമോ മുഴുവനായും ലഭിച്ചില്ല. അധ്യാപകര്‍ക്ക് ടീച്ചര്‍ ടെക്സ്റ്റുകള്‍ ലഭിച്ചിട്ടില്ല. വർഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്ത് അധ്യാപകർ ആത്മഹത്യ ചെയ്യുമ്പോൾ എന്താണ് സർക്കാർ ഇടപെടാത്തതെന്നും ഈ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ട് പോരേ സോഷ്യല്‍മീഡിയാ വിസിബിലിറ്റിക്കായുള്ള പ്രകടനമെന്നും ചോദിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
സ്വാഹിബ് മുഹമ്മദിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
കെടുകാര്യസ്ഥത കൊടികുത്തി വാഴുന്ന വിദ്യാഭ്യാസ വകുപ്പിൽ അടിയന്തര പരിഹാരമുണ്ടാവേണ്ട വിഷയങ്ങളോട് കണ്ണടച്ച്പിൻബെഞ്ചുകാരെ ഇല്ലാതാക്കാനും അവധിക്കാലം പുനഃക്രമീകരിക്കാനുംചർച്ച ക്ഷണിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട് നിർവൃതിയടയുന്ന വിദ്യാഭ്യാസ മന്ത്രിയോട് 5 ചോദ്യങ്ങൾ.
1.മതിയായ ബാച്ചുകളില്ലാതെ പ്ലസ് വണ്‍ ക്ലാസുകളിൽ ബെഞ്ചുകളിൽ തിങ്ങിനിറഞിരുന്ന് പഠിക്കുന്ന മലബാറിലെ കുട്ടികൾക്ക് എന്നാണ് ഈ ദുരവസ്ഥയിൽ നിന്ന് മോചനമുണ്ടാവുക?
2.ക്ലാസ് തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഇത് വരെ പല സ്‌കൂളുകളിലും വിദ്യാർത്ഥികൾക്ക് യൂണിഫോമോ,പാഠപുസ്തകമോ പരിപൂർണ്ണമായി ലഭിച്ചിട്ടില്ല. അധ്യാപകർക്ക് ടീച്ചർ ടെക്സ്റ്റുകൾ ലഭിച്ചിട്ടില്ല. ഇതിന് പരിഹാരമുണ്ടാവുമോ ?
3.പ്ലസ് വൺ ഇമ്പ്രൂവ്‌മന്റ് പരീക്ഷ പ്ലസ്ടു പൊതു പരീക്ഷയോടൊപ്പം നടക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്നത് സർക്കാർ കാണുന്നില്ലേ? ഇതിന് പരിഹാരമുണ്ടാവുമോ ?
4.സ്കൂളുകളിൽ കായികാധ്യാപകരില്ലാതെ വിദ്യാർത്ഥികൾ വലയുമ്പോൾ,പല ടൂർണ്ണമെന്റുകളും പ്രതിസന്ധിയിലാകുമ്പോൾ എന്ത് കൊണ്ടാണ് സർക്കാർ ഇടപെടാത്തത്?
5.വർഷങ്ങളോളം ശമ്പളമില്ലാതെ ജോലി ചെയ്ത് അധ്യാപകർ ആത്മഹത്യ ചെയ്യുമ്പോൾ എന്താണ് സർക്കാർ ഇടപെടാത്തത് ?
ഈ പ്രശ്നങ്ങൾ പരിഹരിച്ചിട്ട് പോരേ മന്ത്രി അപ്പൂപ്പാ സോഷ്യൽ മീഡിയാ വിസിബിലിറ്റിക്കായുള്ള ഈ പ്രകടനം ?