ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ ഒഴുകുന്നത് 40,000 ലിറ്റർ വെള്ളം

എട്ട് മണിക്ക് രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്ന മുല്ലപ്പെരിയാറിൽ വീണ്ടും രണ്ടെണ്ണം കൂടി ഉയർത്തി

Update: 2021-11-18 07:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകള്‍ തുറന്നു. ചെറുതോണി ഡാമിന്‍റെ ഒരു ഷട്ടറും മുല്ലപ്പെരിയാറിന്‍റെ നാല് ഷട്ടറുകളുമാണ് തുറന്നത്. ഒരു വർഷത്തിനിടെ ഇടുക്കി ഡാം മൂന്നാം തവണയും തുറന്നത് ചരിത്രത്തില്‍ ആദ്യമാണ്.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടിയിലെത്തിയത്. റൂള്‍ കർവ് പ്രകാരം അതില്‍ കൂടുതല്‍ വെള്ളം സംഭരിക്കാനാകില്ല. അതിനാല്‍ ഡാം തുറക്കാന്‍ തമിഴ്നാട് തീരുമാനിച്ചു. രണ്ട് സ്പില്‍ വേ ഷട്ടറുകള്‍ 30 സെന്‍റിമീറ്റർ ഉയർത്തിയാണ് വെള്ളം ആദ്യം ഒഴുക്കിയത്. പിന്നീട് രണ്ടെണ്ണം കൂടി ഉയർത്തി. 13 ഷട്ടറുകളുള്ള മുല്ലപ്പെരിയാറിന്‍റെ 2,3,4,5 ഷട്ടറുകളാണ് തുറന്നത്. സെക്കന്‍ഡില്‍ പെരിയാറിലേക്ക് ഒഴുകുന്നത് 1544 ഘനയടി വെള്ളം.. മുല്ലപ്പെരിയാർ കൂടി തുറന്നതോടെ ഇടുക്കിയുടെ ഷട്ടറും ഉയർത്തുകയായിരുന്നു. മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുകിയെത്തുന്ന ജലം കൂടി സംഭരിക്കാന്‍ ഇടുക്കി റിസർവോയറിനെ പാകപ്പെടുത്താനാണ് വെള്ളം തുറന്നുവിട്ടത്. പത്ത് മണിക്ക് ഒരു ഷട്ടർ 40 സെന്‍റിമീറ്റർ ഉയർത്തി. സെക്കന്‍ഡില്‍ 40,000 ലിറ്റർ ജലം പുറത്തേക്ക്.

2399.44 അടിയ്ക്ക് മുകളിലാണ് ഇടുക്കി ഡാമില്‍ ഇപ്പോള്‍ ജലനിരപ്പ്. ഇപ്പോഴും റെഡ് അലർട്ട് പരിധിയിലാണ് അണക്കെട്ട്. 30 ദിവസത്തിനിടെ ഇടുക്കി അണക്കെട്ട് തുറക്കുന്നത് ഇത് മൂന്നാം തവണയാണ്. പെരിയാറില്‍ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ലെങ്കിലും ജാഗ്രതാ നിർദേശമുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം തുറന്നുവിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News