'താൻ മുസ്‌ലിം തീവ്രവാദിയല്ലെടോ?'; എം.ആർ അജിത്കുമാർ വർഗീയമായി അധിക്ഷേപിച്ചെന്ന് ലീഗ് നേതാവ്‌

കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന എം.ആർ അജിത്കുമാർ നടത്തിയ മുസ്‌ലിം വിരുദ്ധ വർ​ഗീയ പരാമർശങ്ങളാണ് ലീ​ഗ് നേതാവായ കരീം കുണിയ ഓർമിക്കുന്നത്.

Update: 2024-09-09 11:15 GMT

കാസർകോട്: എഡിജിപി എം.ആർ അജിത്കുമാർ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന കാലത്ത് വർഗീയമായി അധിക്ഷേപിച്ചതിന്റെ ഓർമ പങ്കുവെച്ച് മുസ്‌ലിം ലീഗ് നേതാവ് കരീം കുണിയ. എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറിയും കാസർകോട് ഗവൺമെന്റ് കോളജ് യൂണിയൻ ചെയർമാനുമായിരുന്ന കാലത്ത് കലക്ട്രേറ്റ് മാർച്ചിന് അനുമതി തേടിയപ്പോഴാണ് അജിത്കുമാർ മോശമായി പെരുമാറിയത്.

പെർമിഷനൊന്നും കോടുക്കണ്ട...ഇവറ്റകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെടോ എന്നായിരുന്നു ഒപ്പമുണ്ടായിരുന്ന പൊലീസുകാരനോട് ആദ്യം പറഞ്ഞത്. താൻ എംഎസ്എഫ് നേതാവാണെന്നും കോളജ് യൂണിയൻ ചെയർമാനാണെന്നും പറഞ്ഞപ്പോൾ അതിനെന്താ, താൻ മുസ്‌ലിം തീവ്രവാദിയല്ലെടോ? എന്നായിരുന്നു അജിത്കുമാർ ചോദിച്ചതെന്നും കരീം കുണിയ ഓർമിക്കുന്നു.

Advertising
Advertising

കൂടെയുള്ള പൊലീസുകാരൻ പരിചയമുള്ള ആളാണെന്ന് പറഞ്ഞപ്പോഴാണ് പെർമിഷൻ തരാൻ തയ്യാറായത്. എന്തെങ്കിലും വിഷയമുണ്ടായാൽ തന്നെ ഞാൻ ചവിട്ടിക്കൂട്ടി അകത്തിടും. പിന്നെ പുറം ലോകം കാണില്ല..എന്തെങ്കിലും ഉണ്ടായാൽ ഇവന്റെ ഉപ്പയെയും ഉമ്മയെയും പൊക്കിയെടുത്ത് അകത്തിടണമെന്ന് അടുത്തുണ്ടായിരുന്ന പൊലീസുകാരനോട് നിർദേശിച്ചെന്നും കരീം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഹും എന്താടാ.. പെർമിഷന്റെ അപേക്ഷയാണ്. എന്ത് പെർമിഷൻ..? കളക്ടറേറ്റ് മാർച്ച്‌. ആരുടെ? msf ന്റെ.

പെർമിഷനൊന്നും കൊടുക്കണ്ട..

"ഇവറ്റകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെടോ.." എനിക്കൊപ്പമുണ്ടായിരുന്ന പോലീസ് ഓഫീസറോടാണ് കല്പന.

സർ,

ഞാൻ msf ന്റെ ജില്ലാ ജനറൽ സെക്രട്ടറിയാണ്. കാസറഗോഡ് ഗവണ്മെന്റ് കോളേജ് യൂണിയൻ ചെയർമാൻ കൂടിയാണ്.

"അതിനെന്താ..

താൻ മുസ്ലിം തീവ്രവാദിയല്ലേടോ..?"

സർ..

ഞാൻ മറുപടി പറയാൻ തുനിയുന്നത് കണ്ടപ്പോൾ

കൂടെയുണ്ടായിരുന്ന പോലീസുകാരൻ കണ്ണിറുക്കി കാണിച്ചു.

ആ ഓഫീസറോട് വിശദീകരിച്ചു.

"സർ,

ശ്രീജിത്ത്‌ സർ ( S.ശ്രീജിത്ത്‌ IPS) ഉള്ളപ്പോൾ കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സ്‌ഥിരമായി വരുന്നതാണ്. പ്രശ്നക്കാരനൊന്നുമല്ല."

ഒന്ന് കനപ്പിച്ചു മൂളി. രൂക്ഷമായി എന്നെ നോക്കി

" എന്തെങ്കിലും വിഷയം ഉണ്ടായാൽ തന്നെ ഞാൻ ചവിട്ടി കൂട്ടി അകത്തിടും. പിന്നെ പുറം ലോകം കാണില്ല.."

ഞാൻ മറുപടി പറഞ്ഞില്ല...കൂടെയുണ്ടായിരുന്ന ആ പോലീസുകാരൻ ഒരിക്കൽ കൂടി ദയനീയമായി എന്റെ മുഖത്തേക്ക് നോക്കി...

"ഇവന്റെ കോളേജിലെയും വീട്ടിലെയും അഡ്രസ്സും ഫോൺ നമ്പറും എഴുതി വെക്കണം. എന്തെങ്കിലും ഉണ്ടായാൽ ഇവന്റെ ഉപ്പയെയും ഉമ്മയെയും പൊക്കിയെടുത്തു അകത്തിടണം." കല്പന മുഴുവൻ പെർമിഷന്റെ പേപ്പറുമായി എന്റെ കൂടെ നിൽക്കുന്ന പോലീസുകാരനോട്..

പിന്നെ എന്റെ നേരെ തിരിഞ്ഞു, "ഏതാടോ നിന്റെ സ്റ്റേഷൻ?"

ബേക്കൽ...പിന്നെ പോലീസുകാരനോട് അടുത്ത കല്പന. "അവിടെ വിളിച്ചു പറയണം. പരിപാടി നടക്കുന്ന ദിവസം ഇവന്റെ വീടിന്റെ സമീപത്ത് അവരോട് നിൽക്കാൻ പറയണം." എന്നിട്ട് കൊടുത്താൽ മതി..

ഷിർട്ടിന്റെ കൈ ഒന്നുകൂടി മടക്കി വെച്ച് അദ്ദേഹം SP ഓഫീസിന്റെ മുന്നിലെ വരാന്തയിൽ നിന്നും താഴേക്ക് ഇറങ്ങിപ്പോയി. ആ പോലീസുകാരൻ എന്റെ തോളിൽ തട്ടി. അനുജനോടെന്ന പോലെ ചേർത്തു പിടിച്ചു പറഞ്ഞു. "SP സർ പറഞ്ഞത് കാര്യമാക്കണ്ട. പുതിയ ആളാണ്‌. നീ ഈ കാര്യം ചെർക്കളം സർ നോടും (ചെർക്കളം അബ്ദുള്ള സാഹിബ്‌ ) സി ടി സർനോടും ( സി ടി അഹമ്മദ്‌ അലി സാഹിബ്‌ )ഒന്നും പറഞ്ഞു പ്രശ്നമുണ്ടാക്കേണ്ട."

മറുപടി ഒന്നും പറയാതിരുന്ന എന്നെ പിടിച്ചു നിർത്തി. "പ്രശ്നം ആയാൽ അത് എനിക്കും കൂടി പ്രശ്നമാണ്. എനിക്ക് ഡിപ്പാർട്മെന്റ് ന്റെ കൂടെ നിൽക്കേണ്ടി വരും. ഇങ്ങനെ ഒരു സംഭവം ഇല്ലെന്ന് കള്ളം പറയേണ്ടി വരും. അന്ന് എന്റെ പ്രായം 20-21വയസ്സ്. പൂർണ്ണ പക്വത ഇല്ലാത്ത, എടുത്തു ചാട്ടക്കാരനായ, മുകളിൽ ആകാശവും താഴെ ഭൂമിയും എന്ന് മാത്രം ചിന്തിച്ചിരുന്ന 20 വയസ്സുകാരന്റെ മനസ്സിൽ പതിഞ്ഞ ക്രൂരനായ പോലീസ് ഓഫീസർ.

പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി പോലീസ് സ്റ്റേഷനിൽ കയറുന്നത്. ബേക്കൽ പോലീസ് സ്റ്റേഷനിൽ. പിന്നീടങ്ങോട്ട് വിദ്യാർത്ഥി രാഷ്ട്രീയത്തിനിടെ ജില്ലയിലെ നാലോളം സ്റ്റേഷനിൽ പതിനേഴോളം കേസുകൾ. ജാമ്യം ഉള്ളതും ഇല്ലാത്തതും. പോലീസിന്റെ വണ്ടിയിൽ നിന്നു തുടങ്ങി, നടയടികിട്ടിയതും, ലോക്കപ്പിൽ നിന്നും സബ് ജയിലിൽ നിന്ന് പോലും കിട്ടിയ മർദ്ദനങ്ങൾ.

"ചവിട്ടി കൂട്ടലും" " പുറം ലോകം കാണാതിരിക്കലും" "ഉപ്പയെയും ഉമ്മയെയും പിടിച്ചു അകത്തിടലും " മണ്ണപ്പം ചുട്ടു കളിക്കുന്ന കുഞ്ഞാണ് മുന്നിൽ നിൽക്കുന്നത് എന്ന ധാരണയിൽ ആയിരിക്കും. കണ്ണുരുട്ടിയാൽ നിക്കറിൽ മുള്ളുമെന്ന് തെറ്റിദ്ധരിച്ച പാവം ജില്ലാ പോലീസ് സൂപ്രണ്ട്...

കമ്മീഷണർ സിനിമ കണ്ടിട്ടാകാം, ഭരത് ചന്ദ്രൻ ips മാതൃകയിൽ ഡയലോഗ് പറഞ്ഞത്. ആ ഡയലോഗുകൾ അല്ല മനസ്സിൽ തറഞ്ഞത്, "ഇവറ്റകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെടോ " "താൻ മുസ്ലിം തീവ്രവാദിയല്ലെടോ " എന്നുള്ള അയാളുടെ ഉള്ളിലെ വിഷം പുറത്ത് ചാടിയപ്പോഴായിരുന്നു..

msf ന്റെ ജില്ലാ ജനറൽ സെക്രട്ടറി എന്നതോ, ജില്ലയിലെ ഏറ്റവും വലിയ ഗവണ്മെന്റ് കോളേജിലെ യൂണിയൻ ചെയർമാൻ എന്ന പരിഗണനയൊന്നും വേണ്ടായിരുന്നു. മുന്നിൽ നിൽക്കുന്നത് കൊലപാതക കുറ്റത്തിനോ രാജ്യദ്രോഹത്തിനോ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയോ ആയിരുന്നില്ല. ഒരു മാർച്ച്‌ നടത്താൻ പോലീസ് പെർമിഷന് വേണ്ടി അപേക്ഷയുമായി മുന്നിൽ നിൽക്കുന്ന ഒരു അപേക്ഷകൻ.

1300 വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു കോളേജിൽ, 150 ൽ താഴെ മാത്രം മുസ്ലിം വിദ്യാർത്ഥികളുള്ള, 120ൽ താഴെ മാത്രം msf ന് മെമ്പർഷിപ്പ് ഉണ്ടായിരുന്ന , ബാക്കി വരുന്ന ആയിരത്തിൽ കൂടുതൽ ഹൈന്ദവ- ക്രൈസ്തവ മത വിശ്വാസികളായ വിദ്യാർത്ഥികളുടെ വോട്ട് നേടി കാസറഗോഡ് ഗവണ്മെന്റ് കോളേജിന്റെ 45 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ msf കാരനായ ചെയർമാൻ ആയി ഞാൻ തെരെഞ്ഞെടുക്കപ്പെട്ടത് തനി മുസ്ലിം വർഗീയവാദിയും തീവ്രവാദിയും ആയത് കൊണ്ടായിരുന്നു. തുടർച്ചയായി രണ്ട് വട്ടം തെരെഞ്ഞെടുത്തത് വിശ്വസിക്കാൻ കൊള്ളാത്തവറ്റകളിൽ പെട്ടവനായത് കൊണ്ടായിരുന്നു.

ബിൻലാദൻ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടക്കുന്നതിനു മുൻപ്, മുസ്ലിം തീവ്രവാദം ചർച്ച ചെയ്യപ്പെടുന്നതിനു മുൻപ്, ഒരു പരിചയവുമില്ലാത്ത, വിദ്യാർത്ഥിയായ എന്റെ മുഖത്തു നോക്കി " മുസ്ലിം തീവ്രവാദി " എന്ന് വിളിച്ച ആ പരമ നാറിയായ കാസറഗോഡ് ജില്ലാ പോലീസ് സൂപ്രണ്ട് ന്റെ പേരാണ് MR അജിത് കുമാർ IPS.

***** ***** ***** *****

വ്യക്തിപരമായും അല്ലാതെയും ബന്ധം കാത്ത് സൂക്ഷിക്കുന്ന ജില്ലയിലെ എത്രയോ പോലീസ് ഉദ്യോഗസ്ഥർ..സാധാരണ സിവിൽ പോലീസ് ഓഫീസർ മുതൽ ഇന്ന് സ്റ്റേറ്റ് ന്റെ തലപ്പത്തിരിക്കുന്ന ചിലർ വരെ. അവരുടെ പദവിക്കും മുകളിൽ മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തവർ. ഏട്ടനെപോലെ അങ്ങോട്ടും കൂടെപ്പിറപ്പിനെ പോലെ ഇങ്ങോട്ടും സ്നേഹവും കരുതലും തന്നവർ.. എത്രയോ പേർ സർവീസ്ൽ നിന്ന് വിരമിച്ചു. എത്രയോ ആളുകൾ ഇപ്പോഴുമുണ്ട്..

എന്നാൽ രണ്ട് പതിറ്റാണ്ട് കാലത്തെ വിദ്യാർത്ഥി - പൊതുപ്രവർത്തനത്തിനിടയിൽ ഇത് പോലെ, ഇത്രമേൽ ഹൃദയത്തിൽ തറച്ചു പോയ ദുരനുഭവം ഉണ്ടായത് നാലോ അഞ്ചോ പോലീസ് ഓഫീസർമാരിൽ നിന്ന് മാത്രം..

*****

PV അൻവർ MLA ക്ക് അദ്ദേഹത്തിന്റെതായ ലക്ഷ്യങ്ങൾ ഉണ്ടാകാം. എന്നിട്ടും കേരളത്തിന്റെ സാസംസ്‌കാരിക പൈതൃകത്തിന്റെ അടയാളം കൂടിയായ തൃശ്ശൂർ പൂരം കലക്കിയ പോലീസ് വേഷം കെട്ടിയ പൂരം കലക്കിയായ ദാവൂദ് ഇബ്രാഹിമിനെ പൊതു സമൂഹത്തിൽ തുറന്നു കാട്ടിയപ്പോൾ tv ക്ക് മുന്നിലിരുന്ന് അറിയാതെ കയ്യടിച്ചു പോയിട്ടുണ്ടെങ്കിൽ...,! 23 കൊല്ലം കഴിഞ്ഞിട്ടും ആ പഴയ കാസറഗോഡ് ജില്ലാ പോലീസ് സൂപ്രണ്ട് സമ്മാനിച്ച മുറിവ് മായാത്തത് കൊണ്ടാണ്...

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News