മലപ്പുറം: മുസ്‌ലിം ലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. നിർമ്മാണത്തിന്റെ ഭാഗമായി കരാറുകാരെ നിയമിച്ചു. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്സ് എന്നിവർക്കാണ് നിർമ്മാണ ചുമതല.
വീടുകളുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
''മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ ദുരിതബാധിതരെ ചേർത്തുപിടിച്ച് അവർക്ക് പരമാവധി സഹായങ്ങൾ എത്തിച്ചാണ് ലീഗ് ഇതുവരെ മുന്നോട്ട് പോയത്. 105 പേർക്ക് വീടുകൾ എന്നതായിരുന്നു പുനരധിവാസ പദ്ധതിയുടെ ഭാഗമായ പ്രധാന പദ്ധതി. ഈ പദ്ധതി എത്രയും വേഗം നടപ്പാക്കുകയാണ് ലക്ഷ്യം''- സാദിഖലി തങ്ങൾ പറഞ്ഞു.
മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. 8 സെന്റിൽ ആയിരം സ്‌ക്വയർഫീറ്റ് വീടുകളാണ് മുസ്‌ലിം ലീഗ് നിർമ്മിക്കുന്നത്. ഇരുനില വീടുകൾ നിർമ്മിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവന സമുച്ചയം ഒരുങ്ങുന്നത്.
കരാറുകാരെ നിയമിക്കുന്ന ചടങ്ങിൽ സാദിഖലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ഉപസമിതി കൺവീനർ പി.കെ ബഷീർ എംഎൽഎ, പി.എം.എ സമീർ, നിർമ്മാൺ മുഹമ്മദലി, പ്രൊജക്ട് മാനേജർ വാസിദ് അലി, പ്രൊജക്ട് എഞ്ചിനീയർ സൈതലവി, മലബാർ ടെക് കൺസ്ട്രക്ഷൻസ് പ്രതിനിധികളായ കെ.എം അക്ബർ, അബ്ദുൽ റഫീഖ്, ഷബിൻ അക്ബർ സംബന്ധിച്ചു.