മോഹൻലാലിനെ ആദരിച്ച വേദിയിൽ ക്ഷണിക്കാതെ എത്തി എം.വി ഗോവിന്ദൻ; പങ്കെടുക്കാതെ പ്രതിപക്ഷ നേതാവും എംപിമാരും
ഇന്നലെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ നൽകിയ വാർത്താക്കുറിപ്പിലോ പരിപാടിയുടെ പോസ്റ്ററിലോ ഒന്നും എം.വി ഗോവിന്ദന്റെ പേരില്ല.
Photo| MediaOne
തിരുവനന്തപുരം: ദാദാസാഹെബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിച്ച് സർക്കാർ നടത്തിയ “മലയാളം വാനോളം, ലാൽസലാം” പരിപാടിയുടെ വേദിയിൽ ക്ഷണിക്കാതെ അതിഥിയായെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇന്നലെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ നൽകിയ വാർത്താക്കുറിപ്പിലോ പരിപാടിയുടെ പോസ്റ്ററിലോ ഒന്നും എം.വി ഗോവിന്ദന്റെ പേരില്ല. എന്നാൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ വേദിയിൽ മന്ത്രിമാർക്കൊപ്പം എം.വി ഗോവിന്ദനും ഉണ്ടായിരുന്നു.
പാർട്ടി സെക്രട്ടറി എന്ന നിലയ്ക്കാണെങ്കിൽ കെപിസിസി അധ്യക്ഷനെയും പങ്കെടുപ്പിക്കേണ്ടതാണെന്നിരിക്കെയാണ് എം.വി ഗോവിന്ദൻ ഔദ്യോഗിക ക്ഷണമില്ലാതെ പങ്കെടുത്തത്. എംഎൽഎ എന്ന നിലയ്ക്കും അദ്ദേഹത്തെ പങ്കെടുപ്പിക്കാൻ കഴിയില്ല. കാരണം കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തിന്റെ എംഎൽഎയാണ് അദ്ദേഹം.
അതേസമയം, പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് വി.ഡി സതീശൻ, തിരുവനന്തപുരത്തെ എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ് എന്നിവർക്കും ക്ഷണമുണ്ടായിരുന്നു. എന്നാൽ ഇവർ പങ്കെടുത്തില്ല. പരിപാടിയിൽ കെഎസ്എഫ്ഡിസി ചെയർമാൻ കെ. മധു നന്ദി പറഞ്ഞപ്പോൾ എം.വി ഗോവിന്ദന്റെ പേരും പറഞ്ഞു.
ലാലിനെ പൊന്നാടയണിയിച്ച് മുഖ്യമന്ത്രി ആദരിച്ച വേദിയിൽ മന്ത്രി വി. ശിവൻകുട്ടിയായിരുന്നു അധ്യക്ഷൻ. മന്ത്രിമാരായ സജി ചെറിയാൻ, കെ.എൻ ബാലഗോപാൽ, ജി.ആർ അനിൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ നടൻ പ്രേംകുമാർ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു. നിരവധി ചലച്ചിത്രതാരങ്ങളും പരിപാടിയുടെ ഭാഗമായി.