വയനാട് മുസ്‌ലിം സാന്ദ്രതയുള്ള മണ്ഡലം; എസ്ഡിപിഐ, ജമാഅത്ത് വോട്ട് വാങ്ങിയാണ് രാഹുലും പ്രിയങ്കയും ജയിച്ചതെന്ന് പറയുമ്പോൾ പൊള്ളേണ്ട: എം.വി ഗോവിന്ദൻ

ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെ ഒപ്പം ചേർത്ത് മുന്നോട്ട് പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എം.വി ​ഗോവിന്ദൻ ആരോപിച്ചു.

Update: 2025-01-26 16:18 GMT

കൊച്ചി: വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് ജമാഅത്ത്, എസ്ഡിപിഐ വോട്ട് വാങ്ങിയാണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ''രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമൊക്കെ വയനാട്ടിൽ ജയിച്ചു എന്ന് പറയുന്നത് ഒരു കാര്യം ഉറപ്പല്ലേ, അവിടെ വളരെ പ്രധാനമായ മുസ്ലിം സാന്ദ്രതയുള്ള ഒരു കേന്ദ്രമാണ്. മൂന്ന് മണ്ഡലം മലപ്പുറം ജില്ലയിലാണ്. ഒരു മണ്ഡലം കോഴിക്കോട് ജില്ലയിലാണ്. മറ്റു മൂന്ന് മണ്ഡലമാണ് വയനാടുള്ളത്. ആ ഓരോ മണ്ഡലത്തിലും പതിനായിരക്കണക്കിന് എസ്ഡിപിഐക്കാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും വോട്ട് കൂടി നേടിയിട്ടാണ് പ്രിയങ്കാ ഗാന്ധിയും അതിന് മുമ്പ് രാഹുൽ ഗാന്ധിയും ജയിച്ചത് എന്ന് പറയുമ്പോൾ പൊള്ളണ്ട. അതുകൊണ്ട് മാത്രമാണ് ജയിച്ചത് എന്ന് ഞങ്ങൾ പറയുന്നില്ല, പക്ഷേ അതുകൂടി ചേർന്നാണ് ജയിച്ചത്. അത് അങ്ങനെ തന്നെ വിശകലനം ചെയ്യണം''- ഗോവിന്ദൻ പറഞ്ഞു.

Advertising
Advertising

ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെ ഒപ്പം ചേർത്ത് മുന്നോട്ട് പോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് ആരാണ് എന്നതിന് കൃത്യമായ ഉത്തരമുണ്ട്. 74,000 വോട്ടിന് ബിജെപി ജയിച്ച മണ്ഡലത്തിൽ കോൺഗ്രസിന്റെ 86,000 വോട്ട് കാണാനില്ല. ഇതെല്ലാം ബിജെപിക്ക് പോയി. നേമത്ത് ഒ.രാജഗോപാലിനെ ജയിപ്പിച്ചപോലെ തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചതും കോൺഗ്രസാണ്.

പാലക്കാട് തങ്ങൾ ജയിച്ചുവെന്നാണ് എ.കെ ആന്റണി അടക്കമുള്ളവർ വലിയതോതിൽ പറയുന്നത്. 10,000 വോട്ട് തങ്ങളുടേതാണ് എന്നാണ് എസ്ഡിപിഐ പറയുന്നത്. നാലായിരം വോട്ടോളം ജമാഅത്തെ ഇസ്‌ലാമിയുടേതാണ്. ബിജെപിയുടെ 4500 വോട്ട് കോൺഗ്രസ് വാങ്ങി. ജമാഅത്ത്-എസ്ഡിപിഐ-ബിജെപി വോട്ട് വാങ്ങിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ചത്. ലീഗിനായാലും കോൺഗ്രസിനായാലും ഈ രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News