എം.വി ഗോവിന്ദന്‍റെ ആർഎസ്എസ് പ്രസ്താവന തെരഞ്ഞെടുപ്പിൽ ബാധിക്കില്ല; എം.സ്വരാജ്, ചരിത്ര ഭൂരിപക്ഷമുണ്ടാകുമെന്ന് ആര്യാടൻ ഷൗക്കത്ത്
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിൽ വിശദീകരണം നൽകിയിട്ടുണ്ട്
നിലമ്പൂര്‍: എം.വി ഗോവിന്ദന്‍റെ ആർഎസ്എസ് പ്രസ്താവന തെരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിൽ വിശദീകരണം നൽകിയിട്ടുണ്ട്. തെറ്റിദ്ധാരണ ഉണ്ടാക്കാൻ ചിലർ പ്രചാരണം നടത്തി. തനിക്ക് അക്കാര്യത്തിൽ ഒരു ടെൻഷനും ഇല്ലെന്നും എൽഡിഎഫ് മികച്ച വിജയം നേടുമെന്നും സ്വരാജ് പറഞ്ഞു.
നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. യുഡിഎഫ് എല്ലാ പഞ്ചായത്തുകളിലും ലീഡ് ചെയ്യും . പ്രവർത്തകരുടെ ആവേശമാണ് പോളിങ് ഉയരാൻ കാരണം . അനുകൂല കാലാവസ്ഥയും ഗുണം ചെയ്‌തുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അതേസമയം എം.വി ഗോവിന്ദന്‍റെ ആർഎസ്എസ് ഐക്യ പരാമർശം യുഡിഎഫിന് അനുകൂലമായെന്ന് കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. നിലമ്പൂരിൽ അയ്യായിരത്തിൽ കുറയാത്ത ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കും. ആശമാരുടെ നിശബ്ദ പ്രചാരണം യുഡിഎഫിന് കരുത്ത് പകർന്നു. സതീശനിസം എന്നൊന്ന് യുഡിഎഫിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരിൽ യുഡിഎഫ് 15,000 ൽ കുറയാത്ത ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു. യുഡിഎഫിന്‍റെ വോട്ട് അൻവറിന് പോകില്ല. പാർട്ടി തിരുമാനത്തിനായി മരിച്ച് പ്രവർത്തിക്കുക എന്ന ലീഗ് രീതി നിലമ്പൂരും നടന്നെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്. യുഡിഎഫ് കമ്മിറ്റി കണക്ക് പ്രകാരം യുഡിഎഫ് അനുകൂല ട്രെൻഡ് ഉണ്ട്. ലീഗ് വോട്ട് ചോരും എന്ന സിപിഎം വിലയിരുത്തൽ തെറ്റാണ്. അൻവറിനോടുള്ള നിലപാട് യുഡിഎഫ് ചർച്ച ചെയ്ത് എടുക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.