കുണ്ടറ പീഡന പരാതി; എൻ.സി.പിയിൽ കൂട്ട നടപടി, എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്

മന്ത്രിയോട് ഫോൺ സംഭാഷണത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് പാർട്ടി നിര്‍ദേശിച്ചു

Update: 2021-07-26 10:01 GMT
Advertising

മന്ത്രി എ.കെ ശശീന്ദ്രൻ ഒത്തുതീർപ്പിന് ശ്രമിച്ച കുണ്ടറ പീഡന പരാതിയിൽ എൻ.സി.പിയിൽ കൂട്ട നടപടി. പരാതി നല്‍കിയ യുവതിയുടെ അച്ഛൻ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇന്നു ചേര്‍ന്ന ഭാരവാഹി യോഗത്തിനു പിന്നാലെയാണ് തീരുമാനം.

കുണ്ടറ ബ്ലോക്ക് പ്രസിഡൻ്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹണി വിക്ടോ എന്നിവരെ ഇന്ന് സസ്പെന്‍ഡ് ചെയ്തു. ബനഡിക്റ്റ് ഫോൺ കോൾ റെക്കോർഡ് മാധ്യമങ്ങളിൽ എത്തിച്ചു. പ്രദീപ് മന്ത്രിയെ ഫോൺ വിളിക്കാൻ സമ്മർദം ചെലുത്തി ഹണി വിക്ടോ ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് എൻ.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുടെ വിശദീകരണം. അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് നടപടി. 

ഇതിനു പുറമെ, എൻ.വൈ.സി കൊല്ലം പ്രസിഡൻ്റ് ബിജുവിനെയും സസ്പെൻഡ് ചെയ്തു. വിവാദത്തില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റിന്‍റെ പേരു കൂടി വലിച്ചിഴക്കാന്‍ ശ്രമിച്ചെന്ന വിലയിരുത്തലിലാണ് നടപടി. കോഴിക്കോട് ജില്ലയിലെ സംഘടനാ പ്രശ്നവുമായി ബന്ധപ്പെട്ട് ജയൻ പുത്തൻപുരക്കൽ, സലീം കാലിക്കറ്റ് എന്നിവരെയും സസ്പെൻ്റ് ചെയ്തു. 

ഫോൺ വിളിയില്‍ ശശീന്ദ്രന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ പറഞ്ഞു. മന്ത്രിയോട് ഫോൺ സംഭാഷണത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് പാർട്ടി നിര്‍ദേശിച്ചു. പ്രവർത്തകർ ഇനി ശിപാർശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിർദ്ദേശമുണ്ട്. സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങൾക്ക് സമീപിക്കാവൂ എന്നാണ് പാർട്ടി തീരുമാനം. പരാതി ഒത്തുതീർപ്പാക്കാന്‍ മന്ത്രി യുവതിയുടെ അച്ഛനെ ഫോണില്‍ വിളിച്ചത് മീഡിയാവണ്‍ പുറത്തുവിട്ടിരുന്നു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News