നയം വന്നാൽ നിറം മാറുമോ - 2 കേന്ദ്രീകൃത നിയന്ത്രണം, നയത്തിൽ രാഷ്ട്രീയം

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്റെ ഭരണ സമീപനങ്ങളിലെ പൊതുനയം ഫെഡറലിസത്തെ നിരുത്സാഹപ്പെടുത്തുകയെന്നതാണ്. സാധ്യമായ അവസരങ്ങളിലെല്ലാം അത് അട്ടിമറിക്കുന്ന തരത്തിൽ ഭരണ നടപടികളുമുണ്ടായിട്ടുണ്ട് - ‘നയം വന്നാൽ നിറം മാറുമോ’ എന്ന പരമ്പരയുടെ ഭാഗം -2 വായിക്കാം

Update: 2025-10-31 17:36 GMT

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്റെ ഭരണ സമീപനങ്ങളിലെ പൊതുനയം ഫെഡറലിസത്തെ നിരുത്സാഹപ്പെടുത്തുകയെന്നതാണ്. സാധ്യമായ അവസരങ്ങളിലെല്ലാം അത് അട്ടിമറിക്കുന്ന തരത്തിൽ ഭരണ നടപടികളുമുണ്ടായിട്ടുണ്ട്. ആഭ്യന്തര ഭരണം മുതൽ ധനകാര്യ ഇടപാടുകളിൽ വരെ സംസ്ഥാനങ്ങളുടെ അധികാരം കവരുകയും ഫെഡറൽ സംവിധാനത്തെ ദുർബലമാക്കുകയും ചെയ്യുന്നത് കാണാനാകും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വരികൾക്കിടയിലും ഈ അധികാര കേന്ദ്രീകരണം കടന്നുവരുന്നുണ്ട്.

വിദ്യാഭ്യാസം കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് തുല്യ അധികാരമുള്ള ഭരണ വിഷയമായതിനാൽ അത് പരിഗണിച്ചുകൊണ്ടുള്ള നയങ്ങളാണ് ഇതുവരെ നിലനിന്നിരുന്നത്. കേന്ദ്രം ഒരു പാഠ്യപദ്ധതി ചട്ടക്കൂടുണ്ടാക്കുകയും സംസ്ഥാനങ്ങൾ അതിനകത്തുനിന്നുകൊണ്ട് സ്വതന്ത്രവും പ്രാദേശികാഭിരുചികൾക്ക് ഇണങ്ങുന്നതുമായ വ്യത്യസ്ത പാഠ്യപദ്ധതികൾ രൂപകൽപന ചെയ്യുകയും ചെയ്യുക എന്ന രീതിയാണ് നിലനിന്നിരുന്നത്. സംസ്ഥാനങ്ങളുമായി സഹകരിച്ച് നയം നടപ്പാക്കേണ്ടതിനെക്കുറിച്ച് ഇതുവരെ പിന്തുടർന്നിരുന്ന 1986ലെ ദേശീയ വിദ്യാഭ്യാസ നയം പ്രത്യേകം എടുത്തുപറയുകയും ചെയ്തിരുന്നു. എന്നാൽ ബിജെപി സർക്കാറിന്റെ നയം ഈ സമീപനത്തിൽ കാതലായ മാറ്റം വരുത്തി.

Advertising
Advertising

വ്യത്യസ്ത വിദ്യാഭ്യാസ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ അക്കാദമിക സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തന രീതികളാണ് നിലവിലെ ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ ഒരു സവിശേഷത. പുതിയ നയം ഇത് പിൻവാതിലിലൂടെ നിയന്ത്രിക്കുന്നു. പല തരം എജന്‍സികളിലൂടെ പഠന മേഖലയെ വികേന്ദ്രീകരിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും എന്നാൽ പ്രയോഗത്തിൽ കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ അത് ഒതുക്കി നിര്‍ത്തുകയുമാണ് നയത്തിലൂടെ ചെയ്യുന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ പൂര്‍ണാവകാശമുള്ള സംസ്ഥാനങ്ങളുടെ അധികാരം പോലും പിൻവാതിലിലൂടെ കവര്‍ന്നെടുക്കപ്പെടുന്നു. 12 വരെയുള്ള സ്കൂൾവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം എന്നീ മൂന്ന് മേഖലകളിലും വ്യത്യസ്ത സ്വഭാവത്തിലുള്ള സംവിധാനങ്ങളാണ് കേന്ദ്രീകൃത നിയന്ത്രണങ്ങൾക്ക് വേണ്ടി കൊണ്ടുവരുന്നത്. 

ഒരു സംസ്ഥാനത്ത് രണ്ടുതരം ഉന്നതതല സമിതികളാണ് സ്കൂള്‍ വിദ്യാഭ്യാസത്തെ നിയന്ത്രിക്കാന്‍ ഉണ്ടാകുക. മേല്‍നോട്ടവും നയരൂപീകരണവും നിര്‍വഹിക്കുന്ന ഡിപാര്‍ട്ട്മെന്റ് ഓഫ് സ്കൂള്‍ എജുക്കേഷനും ഭരണപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ഡയറക്ടറേറ്റ് ഓഫ് സ്കൂള്‍ എജുക്കേഷനും. രണ്ട് വ്യത്യസ്ത അധികാര കേന്ദ്രങ്ങളായി നിലനില്‍ക്കുന്ന ഇവയെ നിയന്ത്രിക്കുന്ന ഏക സംവിധാനം സംസ്ഥാനതലത്തില്‍ ഉണ്ടാകില്ല.എന്നാൽ ഇവ രണ്ടിനുകീഴിലും അല്ലാതെ സ്റ്റേറ്റ് സ്കൂള്‍ സ്റ്റാന്റേര്‍ഡ് അതോറിറ്റി എന്ന വിലയിരുത്തല്‍ ഏജന്‍സിയെ കേന്ദ്രം കൊണ്ടുവരുന്നു. പഠന നിലവാരം വിലയിരുത്തുന്നത് മുതല്‍ സ്കൂളുകളുടെ ഭാവി പദ്ധതികൾ നിര്‍ണയിക്കുന്നതില്‍ വരെ ഈ ഏജൻസിക്ക് പങ്കുണ്ടാകും. എന്‍ സി ഇ ആര്‍ ടി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് (കരിക്കുലം ഫ്രെയിംവര്‍ക്) അനുസൃതമായി സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി സ്വതന്ത്ര കരിക്കുലം വികസിപ്പിക്കാമെന്നതാണ് നിലവിലെ രീതി. ഇതുവരെ പ്രയോഗത്തിലുണ്ടായിരുന്ന 1986ലെ ദേശീയ വിദ്യാഭ്യാസ നയം ഈ പ്രവർത്തന രീതി അടിവരയിട്ട് ഉറപ്പിച്ചിരുന്നു.

എന്നാല്‍ ഇനി എന്‍ സി ഇ ആര്‍ ടി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് അനുസൃതമായി, അവര്‍ തരുന്ന മെറ്റീരിയലുകള്‍ ഉപയോഗിച്ച് ടെക്സ്റ്റുകള്‍ തയാറാക്കണം. അതില്‍ പ്രാദേശിക ചേരുവകള്‍ ആകാം. എന്നാല്‍ പുസ്തകം ദേശീയ നയത്തോട് ചേര്‍ന്നുനില്‍ക്കുന്നതായിരിക്കണം എന്ന് നയം എടുത്തുപറയുന്നു. പൊതു ചട്ടക്കൂടിന് പുറമെ എൻ സി ഇ ആർ ടി പാഠപുസ്തക നിർമാണത്തിന് വേണ്ട മെറ്റീരിലുകൾ കൂടി നൽകുമെന്നത് സുപ്രധാനമാണ്. ദേശീയ-പ്രാദേശിക ഉള്ളടക്കത്തോടെ നേരത്തെ തയാറാക്കിയ കുറേ ടെക്സ്റ്റ് ബുകുകളിൽനിന്ന് സ്കൂളുകൾ ഇഷ്ടമുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്ന രീതിയാകാമെന്ന ആശയവും നയം പങ്കുവക്കുന്നു. പഠന നിലവാരം വിലയിരുത്താൻ നാഷണല്‍ അസസ്മെന്റ് സെന്റര്‍ സ്ഥാപിക്കും. എന്നാൽ ഇവർക്കുവേണ്ട വിലയിരുത്തല്‍ മാനദണ്ഡങ്ങൾ തയാറാക്കേണ്ടത് എന്‍ സി ഇ ആര്‍ ടി പറയും പ്രകാരമായിരിക്കണം.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അധികാര നിയന്ത്രണം കുറച്ചുകൂടി പ്രത്യക്ഷമാണ്. എല്ലാം നിയന്ത്രിക്കുന്ന ഏകജാലക സംവിധാനമാണ് നയം മുന്നോട്ടുവക്കുന്നത്. എല്ലാ കാര്യങ്ങളുടെയും പൂര്‍ണ നിയന്ത്രണം ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്ന ഏജന്‍സിക്കാണ്. കോളജുകളുടെ നിയന്ത്രണം, അക്രഡിറ്റേഷന്‍, ധനവിനിയോഗം, അക്കാദമിക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കല്‍ എന്നിവയാണ് പ്രധാന ചുമതല. ഇവ നിര്‍വഹിക്കാന്‍ നാഷണല്‍ ഹയര്‍ എജുക്കേഷന്‍ റഗുലേറ്ററി കൌണ്‍സില്‍ (NHERC), നാഷണല്‍ അക്രഡിറ്റേഷന്‍ കൌണ്‍സില്‍ (NAC), ഹയര്‍ എജുക്കേഷന്‍ ഗ്രാന്റ്സ് കൌണ്‍സില്‍ (HEGC), ജനറല്‍ എജുക്കേഷന്‍ കൌണ്‍സില്‍ (GEC) എന്നീ ഏജൻസികൾ ഹയർ എജുക്കേഷൻ കമ്മീഷന് കീഴിൽ രൂപീകരിക്കും.

ഉന്നത വിദ്യാഭ്യാസാനന്തര ഘട്ടമായ ഗവേഷണ മേഖലയെ നിയന്ത്രിക്കുന്നതും ഏകാധികാര കേന്ദ്രമായിരിക്കും - നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷൻ അഥവ NRF. എല്ലാ പഠന മേഖലകളിലെയും ഗവേഷണത്തിന്റെ പൂര്‍ണ ചുമതല ഫൌണ്ടേഷനായിരിക്കും. ഗവേഷണത്തിന് പണം നല്‍കുന്നത് മുതല്‍ ഗവേഷണ വിഷയം തീരുമാനിക്കുന്നതില്‍ വരെ ഫൌണ്ടേഷന് നിര്‍ണായക പങ്കുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളുടെ സമിതിയായിരിക്കും ഫൌണ്ടേഷന്റെ ഭരണ സമിതി.

രാഷ്ട്രീയ ഇടപെടലിനുള്ള സർകകാർ സംവിധാനങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല. വിദ്യാഭ്യാസ മേഖലയുടെ സന്പൂർണ നിയന്ത്രണ ഏജൻസിസായി സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എജുക്കേഷനെ (CABE) വിദ്യാഭ്യാസ നയം പ്രതിഷ്ഠിക്കുന്നു. നാമമാത്ര അധികാരങ്ങളോടെ നയരൂപീകരണ സമിതിയായാണ് ഇതുവരെ CABE പ്രവർത്തിച്ചിരുന്നത്. അതിൽ മാറ്റം വരുത്തി CABEന് വിപുല അധികാരങ്ങൾ നൽകി. ഇനി CABE ഒരു കണ്‍സള്‍ട്ടേഷന്‍ സമിതിയായി മാത്രമായിരിക്കില്ല എന്ന് നയം പ്രത്യേകം എടുത്തുപറയുന്നു. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന് കീഴിലായിരിക്കണം CABE പ്രവർത്തിക്കേണ്ടത്.

ദേശീയ നയത്തിന്റെ കരട് രേഖയിൽ സർവാധികാര സമിതിയായി നാഷണല്‍ എജുക്കേഷന്‍ കമ്മീഷന്‍ എന്നൊരു സ്ഥാപനത്തെയാണ് ശിപാർശ ചെയ്തിരുന്നത്. അതില്‍ ചെയര്‍മാന്‍ പ്രധാനമന്ത്രിയും വൈസ് ചെയര്‍മാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു. പ്രധാന വകുപ്പ് സെക്രട്ടറിമാരടക്കം 30 അംഗങ്ങൾ. ഇത് സംസ്ഥാനങ്ങളുടെ അധികാരം കവരാനുള്ള ആസൂത്രിത നീക്കമാണെന്ന വിമർശനം ഉയർന്നു. എന്നാൽ അന്തിമ നയം പ്രഖ്യാപിച്ചപ്പോൾ നാഷണല്‍ എജുക്കേഷന്‍ കമ്മീഷനെ ഒഴിവാക്കി. പകരം CABEന് ഏറെക്കുറെ അതേ അധികാരങ്ങൾ നൽകി പുനരവതരിപ്പിച്ചു. CABEന്റെ ലക്ഷ്യം കേന്ദ്രീകൃത രാഷ്ട്രീയ നിയന്ത്രണം കൊണ്ടുവരലായിരിക്കുമെന്ന ആശങ്കയെ CABEന്റെ രൂപമാറ്റം ശക്തിപ്പെടുത്തുന്നു.

അക്കാദമിക ഉള്ളടക്കത്തിലും ഭരണ സംവിധാനങ്ങളിലും പല വിധത്തിൽ കേന്ദ്രീകൃത നിയന്ത്രണം കൊണ്ടുവരുന്നതാണ് വിദ്യാഭ്യാസ നയമെന്നാണ് ഈ നിർദേശങ്ങൽ നൽകുന്ന സൂചന. വിദ്യാഭ്യാസ നയ രേഖ അവസാനിപ്പിക്കുന്നതും ഈ കേന്ദ്ര ഇടപെടൽ ആവർത്തിച്ച് ഉറപ്പാക്കിക്കൊണ്ടാണ്. 'കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സംയുക്ത പരിശോധനകളും സംയോജിത നടപ്പാക്കലുകളും ശ്രദ്ധാപൂർവമായ ആസൂത്രണവും ആവശ്യമാണ്..... എല്ലാവർഷവും കേന്ദ്ര സർക്കാർ നിയോഗിക്കുന്ന സംഘങ്ങളും സംസ്ഥാനം നിയോഗിക്കുന്ന സംഘങ്ങളും ചേർന്ന് പരിശോധിക്കും. ഈ വിവരങ്ങൾ CABEഉമായും പങ്കുവക്കണം' എന്നാണ് നയത്തിന്റെ അവസാന ഭാഗം. നേരത്തെയുണ്ടായിരുന്ന നയവും പുതിയ നയവും തമ്മിൽ സുതാര്യതയിലും സ്വതന്ത്ര സ്വഭാവത്തിലും ഫെഡറൽ മര്യാദകളിലും എത്രത്തോളം വ്യത്യസ്തമാണ് എന്ന് ഇതിൽ നിന്ന് വ്യക്തമാകും.

തുടരും...

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - എൻ.പി ജിഷാർ

മീഡിയവൺ കോർഡിനേറ്റിങ് എഡിറ്റർ

Similar News