വീണ്ടും നിരാശ: മുണ്ടക്കൈയിൽ റഡാർ സിഗ്നൽ ലഭിച്ച പ്രദേശത്ത് മനുഷ്യസാന്നിധ്യമില്ല; ദൗത്യം നിർത്തി

ആദ്യം കെട്ടിടത്തിനു താഴെയാണ് സി​ഗ്നൽ ലഭിച്ചതെങ്കിലും പിന്നീടുള്ള തെർമൽ റഡാർ പരിശോധനയ്ക്കു ശേഷമാണ് ഈ ഭാ​ഗം കുഴിച്ചുപരിശോധിക്കാൻ തീരുമാനിച്ചത്.

Update: 2024-08-02 18:18 GMT

മേപ്പാടി: വീണ്ടുമൊരു നിരാശയുടെ രാത്രി. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ തെർമൽ റഡാർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിൽ ഒരിടത്ത് ജീവന്റെ തുടിപ്പ് കണ്ടെത്തിയെങ്കിലും പ്രതീക്ഷകൾ അവസാനിച്ചു. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ ഇവിടെനിന്നും ഒന്നും കണ്ടെത്താനായില്ല. നാല് മണിക്കൂറിലേറെ നേരം രണ്ട് ഘട്ടമായി നടത്തിയ വിശദമായ പരിശോധനയും തിരച്ചിലും പരാജയപ്പെട്ടതോടെ ഇവിടുത്തെ ദൗത്യം നിർത്തി. ഇവിടെ മനുഷ്യസാന്നിധ്യമില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ, കേരളം ഏറെ പ്രതീക്ഷയോടെ കണ്ട തിരച്ചിൽ അവസാനിപ്പിച്ച് സൈന്യമുൾപ്പെടെ മടങ്ങി.

Advertising
Advertising

മൂന്ന് തവണ ബ്രീത്ത് സി​ഗ്നൽ ലഭിച്ച സാഹചര്യത്തിൽ രാത്രിയിൽ പ്രദേശം കുഴിച്ച് പരിശോധിക്കുകയായിരുന്നു. രണ്ടാംഘട്ടത്തിൽ ബ്രീത്ത് സി​ഗ്നൽ ലഭിച്ച കെട്ടിടത്തിനും ഇതിനോടു ചേർന്നുള്ള വീടിന്റേയും ഇടയ്ക്കുള്ള സ്ഥലമാണ് കുഴിച്ചുപരിശോധിച്ചത്. ജെ.സി.ബിയും ഹിറ്റാച്ചിയും ഉപയോ​ഗിച്ചായിരുന്നു പരിശോധന. എന്നാൽ രാത്രി ഒമ്പതു മണിയോടെ തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. മറ്റിടങ്ങളിലെ ഇന്നത്തെ തിരച്ചിലും അവസാനിപ്പിച്ചിട്ടുണ്ട്.

ഇവിടെ നിന്നും 83 വയസായ ഒരാളെയാണ് കാണാതായതെന്നും നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തെ ജീവനോടെ ലഭിക്കാൻ സാഹചര്യമില്ലെന്നും ബന്ധുക്കൾ അറിയിക്കുകയായിരുന്നു. വലിയ ചെളിയും ഇരുട്ടുമടക്കമുള്ള ദുഷ്കരമായ സാഹചര്യത്തിൽ ഇനിയും ഈ രാത്രി തിരച്ചിൽ നടത്തിയിട്ട് കാര്യമില്ലെന്നും അവർ അറിയിച്ചതോടെയാണ് ദൗത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. നാളെ കെട്ടിടം പൊളിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഇന്ന് വൈകുന്നേരമായിരുന്നു പ്രതീക്ഷയുടെ പൊൻകിരണമെന്നോണം ആ'ശ്വാസ'ത്തിന്റെ സി​ഗ്നൽ ലഭിച്ചത്. ആദ്യം കെട്ടിടത്തിനു താഴെയാണ് സി​ഗ്നൽ ലഭിച്ചത്. എല്ലാം അവസാനിച്ചു എന്ന് തോന്നിയ ഇടത്തുനിന്നാണ് ജീവന്റെ തുടിപ്പറിയിച്ച് ബ്രീത്ത് സി​ഗ്നൽ ലഭിച്ചത്. ഇവിടെയും അടുത്തുള്ള കനാലിന്റെ ഭാ​ഗത്തും രണ്ടര മണിക്കൂറോളം നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. ഇതോടെ തിരച്ചിൽ നിർത്തിയെങ്കിലും കലക്ടറുടെയും മുഖ്യമന്ത്രിയുടേയും നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടരാൻ തീരുമാനിച്ചു.

പിന്നീട് നടത്തിയ റഡാർ പരിശോധനയ്ക്കു ശേഷം കെട്ടിടത്തിനു തൊട്ടടുത്ത ഭാ​ഗം കുഴിച്ചുപരിശോധിക്കാൻ തീരുമാനിച്ചു. എന്നാൽ ഒരു മണിക്കൂറോളം കെട്ടിടത്തിനും വീടിനുമിടയിൽ കുഴിച്ച് പരിശോധിച്ചിട്ടും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് തിരച്ചിൽ നിർത്തിയതും നിരാശയുടെ മറ്റൊരു ദിവസം കൂടി ബാക്കിയായതും. ഇതുവരെ 344 പേരാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചത്. 200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. 14 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്.  

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News