ഹൈസ്കൂൾ പരീക്ഷകളിൽ ഇനിമുതൽ 'ഓൾ പാസ്' ഇല്ല; അടുത്ത ക്ലാസിലേക്ക് പ്രവേശനം നിശ്ചിത മാർക്ക് നേടിയാൽ മാത്രം
2026-27 അക്കാദമിക വർഷം എട്ടു മുതൽ 10 വരെ മാറ്റം കൊണ്ടുവരും
തിരുവനന്തപുരം: ഹൈസ്കൂൾ ക്ലാസുകളിൽ പരീക്ഷയെഴുതുന്ന എല്ലാവരെയും വിജയിപ്പിക്കുന്ന സമ്പ്രദായം വിദ്യാഭ്യാസ വകുപ്പ് അവസാനിപ്പിക്കുന്നു. എഴുത്ത്പരീക്ഷയിൽ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് നേടുന്നവർക്ക് മാത്രമേ അടുത്ത ക്ലാസിലേക്ക് പ്രവേശനം നൽകൂ. ഈ വർഷം എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം രീതി നടപ്പിലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഹയർ സെക്കൻഡറിയിൽ മാത്രമുള്ള മിനിമം മാർക്ക് എന്ന സംവിധാനം ഹൈസ്കൂൾ ക്ലാസുകളിലേക്ക് കൂടി നടപ്പിലാക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നേരത്തെ എഴുത്തു പരീക്ഷയും നിരന്തരമൂല്യനിർണയവും ചേർത്ത് 30 ശതമാനം മാർക്ക് നേടിയാൽ കുട്ടികൾ ജയിക്കുമായിരുന്നു. എന്നാല്‍ ഇനിമുതൽ എഴുത്ത് പരീക്ഷയിൽ മാത്രം ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് വീതം ലഭിക്കണം. ഇത് പ്രകാരം എട്ട് മുതലുള്ള ക്ലാസുകളിൽ എല്ലാവരും വിജയിക്കുന്ന സമ്പ്രദായത്തിൽ മാറ്റം വരും.
പരീക്ഷണാർഥം എന്ന നിലയ്ക്കാണ് ഈ വർഷം എട്ടാം ക്ലാസ്സിൽ മിനിമം മാർക്ക് രീതി കൊണ്ട് വരുന്നത്. അടുത്ത വർഷം ഇത് ഒൻപതാം ക്ലാസിലേക്ക് കൂടി വിപുലീകരിക്കും. 2026 -27 അക്കാദമിക വർഷം പത്ത് വരെ ക്ലാസുകളിൽ സബ്ജക്ട് മിനിമം കൊണ്ടുവരാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചത്. കെ എസ് ടി എ അടക്കമുള്ള ഇടത് സംഘടനകളുടെ എതിർപ്പിനെ അവഗണിച്ചാണ് നിർണായക തീരുമാനം. ഇക്കഴിഞ്ഞ എസ്എസ്എൽസി ഫലപ്രഖ്യാപനം നടന്ന ദിവസം സബ്ജക്ട് മിനിമം രീതി കൊണ്ടുവരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു ശേഷം വിഷയം ചർച്ച ചെയ്യാൻ പ്രത്യേക വിദ്യാഭ്യാസ കോൺക്ലെവും വിളിച്ചു. ഈ കോൺക്ലേവ് റിപ്പോർട്ട് പ്രകാരമാണ് മന്ത്രിസഭാ തീരുമാനം.