രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം പിണറായി വിജയന് നൽകണം: വി.ഡി സതീശൻ
കമഴ്ന്നു വീണാൽ കാൽ പണം അടിച്ചുമാറ്റുന്ന കൊള്ളക്കാരാണ് ഇവരെന്നും വി.ഡി സതീശൻ പരിഹസിച്ചു
കൊല്ലം: സ്വർണം ചെമ്പാക്കിയ വിദ്യ കണ്ട് പിടിച്ചതിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പിണറായി വിജയന് നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒറിജിനൽ സ്വർണ ശില്പം ഒരു കോടീശ്വരന് വിറ്റു. വിശ്വാസികളായ തങ്ങളെ നോക്കിയാണ് പിണറായി വിജയൻ തത്വമസി എന്ന് പറഞ്ഞതെന്നും അതിന്റെ അർഥം എന്താണ് എന്ന് മനസിലാക്കി തന്നെ ആണോ പറഞ്ഞതെന്നും സതീശൻ ചോദിച്ചു.
തത്വമസിയുടെ അർത്ഥം പോലും മുഖ്യമന്ത്രിക്ക് അറിയില്ല. കല്ലും മുള്ളും കാലുക്ക് മെത്ത എന്നത് തെറ്റിച്ചു പറഞ്ഞ മുഖ്യമന്ത്രി വിശ്വാസ സംഗമം എന്ന പേരിൽ അയ്യപ്പനെ പറ്റിക്കാനാണ് പോയതെന്നും അദ്ദേഹം ആരോപിച്ചു.
വിശ്വാസ സംഗമം കഴിഞ്ഞ് തിരുവനന്തപുരം എത്തിയപ്പോഴേക്ക് അയ്യപ്പൻ പണി കൊടുത്തു. സ്വർണം പൊതിയാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുക്കാൻ ദേവസ്വം പ്രസിഡൻ്റ് പ്രശാന്ത് നിർബന്ധം പിടിച്ചതായും പോറ്റിക്ക് കൊടുത്താലെ പണം കൈ നിറയെ കിട്ടുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദേവസ്വം കമ്മീഷണറുടെ ഇടപെടലാണ് സ്വർണം അടിച്ചു മാറ്റാനുള്ള ശ്രമം തകർത്തത്. അമ്പലം വിഴുങ്ങികളാണ് ഇവർ, അമ്പലങ്ങളിൽ കയറി അടിച്ചു മാറ്റുകയാണെന്നും കമഴ്ന്നു വീണാൽ കാൽ പണം അടിച്ചുമാറ്റുന്ന കൊള്ളക്കാരാണ് ഇവരെന്നും വി.ഡി സതീശൻ പരിഹസിച്ചു.
നിലവിലെ ദേവസ്വം പ്രസിഡണ്ടിനെതിരെ കേസെടുക്കേണ്ടി വരുമെന്ന് പറഞ്ഞ അദ്ദേഹം ഇതിനുള്ള സൂചനയാണ് കോടതി നൽകിയതെന്നും എന്നിട്ടും കാലാവധി നീട്ടാനാണ് ശ്രമമെങ്കിൽ പങ്കുപറ്റിയ വലിയ ഉന്നതർ പിന്നിൽ ഉണ്ടെന്നാണ് അർത്ഥമാക്കേണ്ടതെന്നും കൂട്ടിചേർത്തു.