താമരശ്ശേരി ചുരത്തിനു ബദലായി തുരങ്കപാത യാഥാര്‍ഥ്യമാകുന്നു; നോർവേ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു

ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതാ നിർമാണത്തിന് സാങ്കേതികവിദ്യ കൈമാറുന്നതിന് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിൽ സംസ്ഥാന സർക്കാരും നോർവേയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു

Update: 2022-11-11 01:15 GMT
Editor : Shaheer | By : Web Desk

കോഴിക്കോട്: താമരശ്ശേരി ചുരത്തിനു ബദലായി തുരങ്കപാത നിർമിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി പ്രദേശം നോർവേ സംഘം സന്ദർശിച്ചു. നോർവീജിയൻ ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനക്കാംപൊയിൽ മറിപ്പുഴയിലെത്തിയത്. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതാ നിർമാണത്തിന് സാങ്കേതികവിദ്യ കൈമാറുന്നതിന് മുഖ്യമന്ത്രിയുടെ വിദേശസന്ദർശനത്തിൽ സംസ്ഥാന സർക്കാരും നോർവേയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു.

കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിൽനിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയിൽ എത്തുന്ന തരത്തിലാണ് പുതിയ തുരങ്കപാത നിർമിക്കാൻ പദ്ധതിയിടുന്നത്. തുരങ്കപാത നിർമാണത്തിന് ആവശ്യമായ സാങ്കേതികവിദ്യ കൈമാറാൻ നേരത്തെ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോർവേ സംഘം മറിപ്പുഴയിലെത്തിയത്.

Advertising
Advertising

ഏറ്റവും അനുയോജ്യമായ പദ്ധതിയാണിതെന്നും തുടർനടപടികൾ സർക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ജിയോ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോമിനിക് ലാങ് പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നോർവേ സംഘത്തിന്റെ സാങ്കേതികസഹായം ഗുണം ചെയ്യുമെന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫും അഭിപ്രായപ്പെട്ടു.

16 കിലോ മീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയാണ് വയനാട് ചുരത്തിന് ബദലായി നിർമിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയാകും ആനക്കാംപൊയിൽ-കള്ളാടി പാത.

Summary: A team led by the Norwegian Geotechnical Institute Director visited the project area of the Anakkampoyil-Kalladi tunnel as an alternative to the Thamarassery Churam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News