'80കൾ മുതൽ വളരെ കൃത്യമായിട്ട് സിപിഎമ്മിനകനത്ത് മുസ്‍ലിം വിരുദ്ധതയുടെ രാഷ്ട്രീയം നിലനില്‍ക്കുന്നുണ്ട്' എൻ.പി ചെക്കുട്ടി
യഥാര്‍ഥത്തിൽ സിപിഎമ്മിന് സംബന്ധിച്ചിടത്തോളം വലിയ തോതിൽ ദോഷം ചെയ്യാനിടയുണ്ട്
കോഴിക്കോട്: മീഡിയവൺ മാനേജിങ് എഡിറ്റര്‍ സി.ദാവൂദിന്‍റെ കൈ വെട്ടുമെന്ന സിപിഎം ഭീഷണിയിൽ പ്രതികരണവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എൻ.പി ചെക്കുട്ടി. വ്യത്യസ്തമായ നിലപാടുകൾ ഉന്നയിക്കുന്ന ആളുകളെ ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാവുന്ന ഒന്നല്ല എന്ന് അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
ഇസ്‍ലാം വിരുദ്ധമായ ഒരു ക്യാമ്പയിൻ 85-86 കാലത്ത് ശരീഅത്തുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. അന്ന് യഥാര്‍ഥത്തിൽ ശരീഅത്ത് പരിഷ്കരണമായിരുന്നില്ല ലക്ഷ്യം മുസ്‍ലിം വിരുദ്ധമായ ട്രൻഡ് കേരളത്തിലുണ്ടാക്കുക എന്നതായിരുന്നു. അത് ആപത്കരമായ ഒരു പ്രവണതയായിരുന്നുവെന്ന് 89-90 ഓടു കൂടി തന്നെ ഇഎംഎസിനെപ്പോലുള്ള ആളുകൾക്ക് ബോധ്യമായതുകൊണ്ട് അവരുടെ നിലപാടുകൾ പിന്നീട് മാറ്റാൻ തുടങ്ങിയത്. യഥാര്‍ഥത്തിൽ 80കൾ മുതൽ വളരെ കൃത്യമായിട്ട് സിപിഎമ്മിനകനത്ത് ഒരു മുസ്‍ലിം വിരുദ്ധതയുടെ രാഷ്ട്രീയം നിലനില്‍ക്കുന്നുണ്ട്. അതിനാണ് എല്ലാ കാലത്തും മേൽക്കൈ ഉണ്ടായിരുന്നത്. അതിനോട് വിയോജിപ്പുണ്ടായിരുന്ന ആളുകൾ പലപ്പോഴും പുറത്തുപോവേണ്ടതായി വന്നിട്ടുണ്ട്. ഈയൊരു രാഷ്ട്രീയ സാഹചര്യത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോൾ നടക്കുന്ന ഭീഷണിയും അനാവശ്യപരമായ പ്രകോപനപരമായ മുദ്രാവാക്യങ്ങളും .അതൊന്നും അംഗീകരിക്കാൻ കഴിയില്ല.
യഥാര്‍ഥത്തിൽ സിപിഎമ്മിന് സംബന്ധിച്ചിടത്തോളം വലിയ തോതിൽ ദോഷം ചെയ്യാനിടയുണ്ട്. കാരണം വസ്തുനിഷ്ഠമായ ചര്‍ച്ചകൾ , വസ്തുനിഷ്ഠമായ വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികമായ പഠനങ്ങൾ, പരിശോധനകൾ നടത്താതെ ജനാധിപത്യ പ്രക്രിയക്ക് മുന്നോട്ടു പോകാൻ കഴിയില്ല. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങൾ നടത്തുന്ന ആളുകൾ, വ്യത്യസ്തമായ നിലപാടുകൾ ഉന്നയിക്കുന്ന ആളുകൾ എന്നിവരെ ഭീഷണിപ്പെടുത്തുക എന്ന സമീപനം ഒരു കാരണവശാലും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാവുന്ന ഒന്നല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.