ആ 'വിശ്വാസ'ത്തെ ഭയമില്ല; മൻമോഹൻ ബംഗ്ലാവും 13–ാം നമ്പര്‍ കാറും മന്ത്രിമാര്‍ ഏറ്റെടുത്തു
തുടക്കത്തിൽ കാർ ഒഴിവാക്കാൻ മന്ത്രിമാർ ശ്രമിച്ചത് വിവാദമായതോടെയാണ് തോമസ് ഐസക് കാർ ഏറ്റെടുത്തത്. രാശിയില്ലാത്ത വീടെന്ന് പേരുകേട്ട മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കുകയും ചെയ്തിരുന്നു അദ്ദേഹം.
മന്ത്രിമാരുടെ ഔദ്യോഗിക വസതികളും വാഹനങ്ങളുടെ നമ്പരും നിശ്ചയിച്ചു. മുൻപു പലരും ഏറ്റെടുക്കാൻ മടിച്ച മൻമോഹൻ ബംഗ്ലാവ് ഗതാഗത മന്ത്രി ആന്റണി രാജു ഏറ്റെടുത്തു. മൻമോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ ഏറെനാൾ അധികാരത്തിൽ തുടരില്ലെന്നാണ് ചിലരുടെ വിശ്വാസം. കഴിഞ്ഞ പിണറായി സർക്കാരിൽ മന്ത്രി തോമസ് ഐസക്ക് ആണ് 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്. തുടക്കത്തിൽ കാർ ഒഴിവാക്കാൻ മന്ത്രിമാർ ശ്രമിച്ചത് വിവാദമായതോടെയാണ് തോമസ് ഐസക് കാർ ഏറ്റെടുത്തത്. രാശിയില്ലാത്ത വീടെന്ന് പേരുകേട്ട മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കുകയും ചെയ്തിരുന്നു അദ്ദേഹം. ആര്യാടൻ മുഹമ്മദും ഐസകും ഈ മന്ത്രി മന്ദിരത്തിൽ താമസിച്ച് കാലാവധി തികച്ചു.
സിപിഐ പ്രതിനിധിയും കൃഷിമന്ത്രിയുമായ പി.പ്രസാദിനാണ് 13–ാം നമ്പർ സ്റ്റേറ്റ് കാർ. 13–ാം നമ്പര്‍ നല്ലതല്ലെന്ന വിശ്വാസം കാരണം മുൻപ് പലരും ഈ നമ്പർ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ തവണ തോമസ് ഐസക്കും സുനിൽകുമാറും ഈ കാറിനായി സർക്കാരിനു കത്ത് നൽകിയിരുന്നു. ഐസക്കിനാണ് കാർ ലഭിച്ചത്. രണ്ടാം പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയാണ് പ്രസാദ്. മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർഹൗസിങ് കോർപറേഷൻ എന്നിവയും പ്രസാദിന്റെ ചുമതലകളാണ്. ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് കാർ നൽകുന്നത്. 2011 ൽ യു.ഡി.എഫ് സർക്കാരിൻറെ കാലത്തും 13-ാം നമ്പർ കാർ ഉണ്ടായിരുന്നില്ല. അതിന് മുമ്പ് 2006 ൽ വി.എസ് അച്യൂതാനന്ദൻ സർക്കാരിൻറെ കാലത്ത് എം.എ ബേബിയായിരുന്നു ഈ കാർ ഏറ്റെടുത്തത്.