ലഹരിയെ കുറിച്ച് വിവരമുണ്ടോ? രഹസ്യമായി പൊലീസിനെ അറിയിക്കാം
ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 14,164 പേരെയാണ് അറസ്റ്റ് ചെയ്തത്
Representational Image
തിരുവനന്തപുരം: ലഹരി ഉപയോഗത്തെ കുറിച്ചോ വിപണനത്തെക്കുറിച്ചോ നിങ്ങള്‍ക്ക് വിവരമുണ്ടോ? ലഹരിയെ തടയാന്‍ അധികൃതര്‍ക്ക് രഹസ്യമായി വിവരങ്ങള്‍ കൈമാറാന്‍ കഴിയും. ലഹരിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പൊലീസിന്റെ 9497979794, 9497927797 എന്നീ നമ്പറുകളിലൂടെയും 9995966666 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെയും അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ 14,164 പേരെയാണ് ലഹരിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം, 55 കേസുകളിലായി 60 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13,131 ആയി. ഇതുവരെ 27.12 കി.ഗ്രാം എംഡിഎംഎയും 1782.27 കി.ഗ്രാം കഞ്ചാവും 651.106 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 18 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട് കേസുകളും 27 എന്‍ഡിപിഎസ് ആക്ട് പ്രകാരം 35 കേസുകളും കോട്പ പ്രകാരം 32 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 08.765 ഗ്രാം എംഡിഎംഎയും 0.151 കി.ഗ്രാം കഞ്ചാവും 0.1 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം പൊലീസ് 55 ബോധവത്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ ആകെ 11,228 ബോധവത്കരണ ക്ലാസ്സുകളും 986 കൗണ്‍സിലിങ്ങുകളും നടത്തി. സ്‌കൂള്‍, കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 7879 ബോധവത്കരണ പരിപാടികളും നടത്തി.