'മുഖ്യമന്ത്രിയും സംഘവും ചെയ്തത് 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം': പി സി തോമസ് പരാതി നല്‍കി

മുഖ്യമന്ത്രിയും കൂട്ടരും ഇന്ത്യന്‍ ശിക്ഷാനിയമവും കേരള എപിഡമിക് ഡിസീസ് ആക്റ്റും ലംഘിച്ചെന്ന് പി സി തോമസ്

Update: 2021-05-18 08:01 GMT
Advertising

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്നലെ കേക്ക് മുറിച്ച് വിജയാഹ്ളാദം പങ്കിട്ടത് നിയമലംഘനമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ്. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ചെയ്തതെന്ന് പി സി തോമസ് ആരോപിച്ചു. അദ്ദേഹം പൊലീസില്‍ പരാതി നല്‍കി.

"തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ വെച്ച് ഇന്നലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗം കൂടുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും ഏതാനും മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ വിവിധ കക്ഷികളുടെ നേതാക്കളെല്ലാം കൂടി 22 പേര്‍ പങ്കെടുത്തെന്നാണ് മനസ്സിലാക്കുന്നത്. സന്തോഷം പങ്കിടാനാണെന്ന് തോന്നുന്നു കൂട്ടമായി നിന്ന് മുഖ്യമന്ത്രി എല്ലാവര്‍ക്കും കേക്ക് മുറിച്ച് കൊടുക്കുന്നതുകണ്ടു. ഒരു കാര്യം മുഖ്യമന്ത്രി ശ്രദ്ധിച്ചില്ല. ഒരിക്കലും ഒരുമിച്ച് കൂടരുത്, ആവശ്യത്തിന് അകലം പാലിക്കണം എന്നാണ് അദ്ദേഹം പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദേഹം തന്നെ കൂട്ടമായി നേതാക്കള്‍ക്കൊപ്പം നിന്നു. ഇന്നത്തെ കൊറോണ ചട്ടങ്ങള്‍ അദ്ദേഹം തെറ്റിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിനും എതിരായി ചില നടപടികളുണ്ടായി. ഒരുമിച്ച് തെറ്റായി കൂടുന്നത് ഐപിസി 141, 142, 143 വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്, ശിക്ഷാര്‍ഹമാണ്. 2020ല്‍ പാസ്സാക്കിയ കേരള എപിഡമിക് ഡിസീസ് ആക്റ്റിനും വിരുദ്ധമാണ് മുഖ്യമന്ത്രിയുടെ നടപടി.

അഞ്ച് വര്‍ഷത്തെ കഠിന തടവിന് യോഗ്യമായ കുറ്റങ്ങളാണ് മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഒരു കോടി 30 ലക്ഷം രൂപ പിഴയൊടുക്കിയിട്ടുണ്ട് നാട്ടുകാരില്‍ നിന്നും. ആളുകള്‍ മുഴുവന്‍ ടിവിയിലൂടെ കണ്ടതാണ്. എല്ലാം. കേസെടുക്കണമെന്ന് ഞാന്‍ തിരുവനന്തപുരത്ത് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. സത്യപ്രതിജ്ഞാലംഘനത്തിനും കേസെടുക്കണം. അവര്‍ക്ക് മന്ത്രിമാരാകാനുള്ള അവകാശം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്".

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News