പി ജയരാജനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; പ്രതികൾക്കും സർക്കാറിനും സുപ്രിംകോടതി നോട്ടീസ്
പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആറാഴ്‌ചക്കകം മറുപടി നല്‍കണം
ഡൽഹി: പി ജയരാജന്‍ വധശ്രമക്കേസിൽ പ്രതികള്‍ക്കും സര്‍ക്കാരിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. പ്രതികളെ വെറുതെ വിട്ടതിനെതിരെ പി ജയരാജന്‍ നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതി നോട്ടീസയച്ചത്. പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആറാഴ്‌ചക്കകം മറുപടി നല്‍കണം.
1999ൽ തിരുവോണനാളിൽ സിപിഎം നേതാവായ പി ജയരാജനെ വീട്ടിൽകയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാളൊഴികെ എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടിരുന്നു. തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
പിന്നാലെ ജയരാജനും അപ്പീൽ നൽകി. ഈ ഹരജി ഫയലിൽ സ്വീകരിച്ചാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്.
രണ്ടാം പ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും ഇയാളുടെ ശിക്ഷാവിധി ഒരു വർഷത്തെ വെറുംതടവാക്കി കുറച്ചിരുന്നു. നേരത്തെ ആർഎസ്എസ് ജില്ലാ കാര്യവാഹക് കണിച്ചേരി അജി ഉൾപ്പെടെ ആറു പേരെ വിചാരണക്കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. മൂന്നു പേരെ വെറുതെ വിടുകയും ചെയ്‌തിരുന്നു. ശിക്ഷിച്ചതിനെതിരെ പ്രതികളും മൂന്നു പേരെ വെറുതെവിട്ടതിൽ സര്‍ക്കാരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
കടിച്ചേരി അജി, കൊയ്യോൻ മനോജ്, കുനിയിൽ ഷനൂബ്, കൊവ്വേരി പ്രമോദ്, പാര ശശി, ജയപ്രകാശൻ, ഇളംതോട്ടത്തിൽ മനോജ്, തയ്ക്കണ്ടി മോഹനൻ എന്നിങ്ങനെ 8 പ്രതികളെയാണ് വെറുതെ വിട്ടത്.