'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'; അമൃതാനന്ദമയിയെ സർക്കാർ ആദരിച്ചതിനെ പരിഹസിച്ച് പി. ജയരാജൻ്റെ മകൻ
ഐക്യരാഷ്ട്രസഭയിൽ അമൃതാനന്ദമയി സംസാരിച്ചതിന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ചാണ് കഴിഞ്ഞ ദിവസം ആദരിച്ചത്.
Photo| Special Arrangement
കണ്ണൂർ: അമൃതാനന്ദമയിയെ സർക്കാർ ആദരിച്ചതിനെ പരിഹസിച്ച് സിപിഎം നേതാവ് പി. ജയരാജൻ്റെ മകൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. 'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'- എന്നാണ് ജയിൻ രാജിൻ്റെ പോസ്റ്റ്. സർക്കാർ നടപടിക്കെതിരെ സിപിഎം അണികൾക്കിടയിൽ തന്നെ എതിർപ്പ് നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പി. ജയരാജന്റെ മകന്റെ എഫ്.ബി പോസ്റ്റ്.
ഐക്യരാഷ്ട്രസഭയിൽ അമൃതാനന്ദമയി സംസാരിച്ചതിന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ആദരിച്ചത്. വെള്ളിയാഴ്ച അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് സർക്കാരിന്റെ വക ആദരം സമർപ്പിച്ചത്.
അമൃതാനന്ദമയിയെ ചേർത്തുപിടിച്ച് ആശ്ലേഷിച്ച് നെറുകയിൽ ചുംബിച്ച് ചിത്രങ്ങളെടുക്കാനായി മന്ത്രി പോസ് ചെയ്യുകയും ചെയ്തിരുന്നു. സർക്കാരിന്റെയും മന്ത്രിയുടേയും നിലപാടിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.