'മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇടതുപക്ഷത്തിന് ട്യൂഷൻ എടുക്കുന്നവരോട്...'; ഏഷ്യാനെറ്റ് വിവാദത്തില്‍‌ മുഹമ്മദ് റിയാസ്

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് കേരളത്തിലെ കോൺഗ്രസും ബി.ജെ.പിയും വാചാലരാകുന്നത് കാണുമ്പോള്‍ കാട്ടുകൊള്ളക്കെതിരെ വീരപ്പൻ വാചാലനാകുന്നതുപോലെയാണ് തോന്നുന്നതെന്നായിരുന്നു റിയാസിന്‍റെ പ്രതികരണം.

Update: 2023-03-06 16:48 GMT

പി.എ മുഹമ്മദ് റിയാസ്

Advertising

ഏഷ്യാനെറ്റ് ന്യൂസുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് കേരളത്തിലെ കോൺഗ്രസും ബി.ജെ.പിയും വാചാലരാകുന്നത് കാണുമ്പോള്‍ കാട്ടുകൊള്ളക്കെതിരെ വീരപ്പൻ വാചാലനാകുന്നതുപോലെയാണ് തോന്നുന്നതെന്നായിരുന്നു റിയാസിന്‍റെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു മുഹമ്മദ് റിയാസിന്‍റെ മറുപടി. അടിയന്തരാവസ്‌ഥക്കാലത്ത് കോൺഗ്രസ്സ് സർക്കാർ പൗരാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും ചവിട്ടിമെതിച്ചതും പത്രമാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതും ഓര്‍മയില്ലേയെന്ന് റിയാസ് ചോദിച്ചു. ആകാശവാണിയെയും ദൂരദർശനെയും അന്നത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെക്കുറിച്ചും റിയാസ് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.


Full View

ഏഷ്യാനെറ്റിനെതിരെ കേസെടുത്തത് ത്തെ കേന്ദ്ര സർക്കാരിന്‍റെ ബി.ബി.സി റെയ്ഡുമായി സമീകരിച്ചുകാണിക്കുന്ന കോൺഗ്രസ്സ് നടപടി അസംബന്ധവും ബി.ജെ.പി സർക്കാരിന്റെ സമഗ്രാധിപത്യ പ്രവണതകളെ വെള്ളപൂശുന്നതുമാണെന്നും റിയാസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വീഡിയോ കൃത്രിമമായി നിർമ്മിച്ചതിനെ എങ്ങനെ ന്യായീകരിച്ചാലും ഇത്തരം മാധ്യമ സമീപനങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്നും റിയാസ് ഓര്‍മിപ്പിച്ചു.

മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇടതുപക്ഷത്തിന് ട്യൂഷൻ എടുക്കുന്ന ബഹുമാന്യരോട്!

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് കേരളത്തിലെ കോൺഗ്രസ്സ്-ബിജെപി നേതൃത്വം വാചാലരാകുന്നത്. കാട്ടുകൊള്ളക്കെതിരെ വീരപ്പൻ വാചാലനാകുന്നതിന് സമാനമാണിത്.

അടിയന്തരാവസ്‌ഥയുടെ നാളുകളിൽ അന്നത്തെ കോൺഗ്രസ്സ് സർക്കാർ പൗരാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും ചവിട്ടിമെതിച്ചത് ഈ രാജ്യത്തിന്‌ മറക്കാൻ കഴിയില്ല. അന്ന് ഇന്ത്യയിലെ മർദ്ദക ഭരണകൂടം എങ്ങനെയാണ് പത്രമാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതെന്നും ഏതുരീതിയിലാണ് ആകാശവാണിയെയും ദൂരദർശനെയും കൈകാര്യം ചെയ്തതെന്നും രാജ്യം കണ്ടതാണ്. അടിയന്തരാവസ്‌ഥയിലെ കോൺഗ്രസ്സിനെപ്പോലെ ദൂരദർശനെയും ആകാശവാണിയെയും തങ്ങളുടെ ഹിതമനുസരിച്ച് ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാരും സംഘപരിവാറും. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറങ്ങിയശേഷം ബിബിസി ഓഫീസിൽ നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡ് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

എന്നാൽ പ്രായപൂർത്തിയാകാത്ത കുഞ്ഞിന്റെ വീഡിയോ കൃത്രിമമായി നിർമ്മിച്ച വാർത്താ ചാനലിന്റെ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്. മാധ്യമ സ്വാതന്ത്ര്യത്തെപ്പോലെ ശിശു അവകാശങ്ങളെയും ഒരു പരിഷ്കൃത സമൂഹം ഉയർത്തിപ്പിടിക്കണ്ടതുണ്ട്. എങ്ങനെ ന്യായീകരിച്ചാലും ഇത്തരം മാധ്യമ സമീപനങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല.

ഈ വിഷയത്തെ കേന്ദ്ര സർക്കാരിന്റെ ബിബിസി റെയ്ഡുമായി സമീകരിച്ചുകാണിക്കുന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെ നടപടി അസംബന്ധവും ബിജെപി സർക്കാരിന്റെ സമഗ്രാധിപത്യ പ്രവണതകളെ വെള്ളപൂശുന്നതുമാണ്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News