കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് പാർട്ടി കോൺഗ്രസ്

തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശിക സഖ്യങ്ങളിൽ തീരുമാനമെടുക്കാമെന്ന് സമ്മേളനത്തിൽ ധാരണ

Update: 2022-04-08 16:26 GMT
Advertising

കണ്ണൂർ: കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ തീരുമാനം. ഇത് സംബന്ധിച്ച രാഷ്ട്രീയ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നു. ചില അംഗങ്ങൾ എതിരപ്പ് രേഖപ്പെടുത്തിയെങ്കിലും പ്രമേയം പാസായി. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശിക സഖ്യങ്ങളിൽ തീരുമാനമെടുക്കാമെന്ന് സമ്മേളനത്തിൽ ധാരണയായി. ബംഗാൾ ഘടകം കോൺഗ്രസില്ലാതെ ദേശീയ ബദൽ സാധ്യമല്ലെന്ന നിലപാടിലായിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി കോൺഗ്രസിനൊപ്പം ദേശീയ സഖ്യം വേണ്ടെന്ന കേരള ഘടകത്തിന്റെ നിലപാട് പാർട്ടി കോൺഗ്രസ് തീരുമാനമാകുകയായിരുന്നു.

കോൺഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം വേണ്ടെന്ന് സി.പി.എം പാർട്ടി കോൺഗ്രസിൽ കൂടുതൽ സംസ്ഥാന ഘടകങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസുമായി മുന്നണി ബന്ധം സാധ്യമല്ല. തമിഴ്‌നാട്, അസം മാതൃകയിൽ പ്രാദേശിക സഖ്യങ്ങളുടെ ഭാഗമാകാം. സാമ്പത്തിക നയം കോൺഗ്രസ് തിരുത്തണമെന്നും ഉദാരവത്കരണത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ഘടകങ്ങൾ ആവശ്യപ്പെട്ടു. മതേതര വിശാല സഖ്യത്തിന്റെ ഭാഗമാകണോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്ന് സി.പി.എം പിബി അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. കേരള മാതൃക ദേശീയതലത്തിൽ എറ്റെടുക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇടതു പരിപാടികൾ ശക്തിപ്പെടുത്തലാണ് ബി.ജെ.പിയെ നേരിടാൻ ആവശ്യം. ആർ.എസ്.എസിനെ നേരിടുന്നത് രാഷ്ട്രീയം മാത്രമല്ല സാംസ്‌കാരിക ദൗത്യം കൂടിയാണെന്നും അഭിപ്രായമുയർന്നു.

കരട് രാഷ്ടിയ പ്രമേയത്തിൻമേലുള്ള ചർച്ച പൂർത്തിയായെന്നും 390 ഭേദഗതികളും 12 നിർദേശങ്ങളും ഉന്നയിക്കപ്പെട്ടുവെന്നും മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് അറിയിച്ചു. മുഖ്യശത്രു ബിജെപി എന്ന രാഷ്ട്രീയ നയത്തിൽ മാറ്റമില്ലെന്നും ബിജെപിക്കെതിരായ വോട്ടുകൾ ഏകീകരിക്കുക എന്നതാണ് തെരഞ്ഞെടുപ്പ് തന്ത്രമെന്നും ബൃന്ദ പറഞ്ഞു. സിൽവർ ലൈനിൽ പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്നും ജനങ്ങൾ ഉയർത്തുന്ന എല്ലാ പ്രശ്‌നങ്ങളും പരിഗണിക്കുമെന്ന് സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ശബരിമല യുവതീ പ്രവശനം ചർച്ചയിലൂടെ പരിഹരിക്കപ്പെടണമെന്നും സുപ്രിംകോടതി വിധി പാലിക്കുമെന്നാണ് സംസ്ഥാന സർക്കാർ നിലപാട് എടുത്തതെന്നും അവർ പറഞ്ഞു. വിശ്വാസികൾക്കായി മാറ്റി വെക്കേണ്ട സ്ഥലമാണ് ആരാധനാലയങ്ങളെന്നും ചൂണ്ടിക്കാട്ടി.


Full View

Party Congress says no alliance with Congress at national level

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News