സിപിഎം പാർട്ടി കോൺഗ്രസ് കണ്ടുമടങ്ങാം; തീർത്ഥാടന യാത്രയും ടൂർ പാക്കേജും ഒരുക്കി പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ

മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെയാണ് സിപിഎം പാർട്ടി കോൺഗ്രസ്

Update: 2025-02-23 06:02 GMT
Editor : സനു ഹദീബ | By : Web Desk

കാസർഗോഡ്: മധുരയിലെ സിപിഎം ദേശീയ പാർട്ടി കോൺഗ്രസ് കണ്ടുമടങ്ങാൻ തീർത്ഥാടന യാത്രയും ടൂർ പാക്കേജും ഒരുക്കി സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകൾ. നീലേശ്വരം കൊടക്കാട് ബാങ്കും കയ്യൂർ സർവീസ് സഹകരണ ബാങ്കുമാണ് തീർത്ഥാടന യാത്രയും ടൂർ പാക്കേജും ഒരുക്കിയത്. പഴനി ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം ക്ഷേത്രം എന്നിവ സന്ദർശിക്കാനും സിപിഎം അഖിലേന്ത്യാ പാർട്ടി കോൺഗ്രസ് കാണാനുമുള്ള സൗകര്യമൊരുക്കുന്നതാണ് നീലേശ്വരം കൊടക്കാട് ബാങ്കിൻ്റെ തീർത്ഥാടന യാത്ര.

പാർട്ടി കോൺഗ്രസും ഒപ്പം കൊടൈക്കനാലും കാണുന്ന രൂപത്തിലാണ് കയ്യൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ടൂർ പാക്കേജ്. നീലേശ്വരം കൊടക്കാട് ബാങ്കിന്റെ 4 ദിവസത്തെ പാക്കേജിന് 4700 രൂപയാണ് ചാർജ്. ഏപ്രിൽ 4ന് വൈകിട്ട് ആരംഭിച്ച് പിറ്റേ ദിവസം പഴനി, മധുര ക്ഷേത്രങ്ങളിൽ ദർശനം നടത്തി സിപിഎം പാർട്ടി കോൺഗ്രസും കണ്ട ശേഷം രാമേശ്വരത്തെത്തി താമസം. തൊട്ടടുത്ത ദിവസം രാമേശ്വരം ക്ഷേത്രവും ധനുഷ്കോടി അടക്കം വിവിധ സ്ഥലങ്ങളും സന്ദർശിക്കും. ഏപ്രിൽ 7 ന് തിരികെ നാട്ടിലേക്കും. എസി ബസ്, എസി റൂം, ഗൈഡ് എന്നിവ സഹിതമാണ് യാത്ര. വർഷങ്ങളായി സിപിഎം ഭരണത്തിലാണ് കൊടക്കാട് ബാങ്ക്.

ടൂർ പാക്കേജാണ് നടത്തുന്നതെന്നും ഒപ്പം പാർട്ടി കോൺഗ്രസ് കൂടി കാണാനുള്ള അവസരം ഒരുക്കിയതാണെന്നും ബാങ്ക് ഭാരവാഹികൾ പറയുന്നു. പാർട്ടി ഗ്രാമത്തിൽ സിപിഎമ്മിന്റെ കയ്യൂർ സർവീസ് സഹകരണ ബാങ്കിനു കീഴിലുള്ള കയ്യൂർ വില്ലേജ് ടൂറിസം കൂട്ടായ്മ 'മധുരയിലേക്കൊരു ടൂർ പോയാലോ, കൊടൈക്കനാലും കറങ്ങി പാർട്ടി കോൺഗ്രസും കണ്ട് മടങ്ങാം' എന്ന പരസ്യവുമായാണ് ടൂർ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. 4500 രൂപയാണ് ചാർജ്. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെയാണ് സിപിഎം പാർട്ടി കോൺഗ്രസ്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News