പത്തനംതിട്ടയിലെ നഴ്‌സിന്റെ മരണം കൊലപാതകം; പ്രതി അറസ്റ്റിൽ
കാമുകൻ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് അറസ്റ്റ്.
പത്തനംതിട്ട കോട്ടാങ്ങലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം . ജില്ലാ ക്രൈം ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിച്ചത്ത് വന്നത്. കോട്ടാങ്ങൽ സ്വദേശിയായ പ്രതി നസീറിനെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന യുവതിയെ 2019 ഡിസംബർ 15 നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ ബന്ധം ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം താമസമാക്കിയ യുവതി ബന്ധുക്കളുമായി അകന്ന് കഴിഞ്ഞ് വരെവെയാണ് മരണം സംഭവിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ യുവതിയുടെ സുഹൃത്തടക്കം നിരവധി പേരെ ചോദ്യം ചെയ്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതി ലൈംഗികകമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞതോടെയാണ് മരണം കൊലപാതകത്തെ തുടർന്നാണെന്ന് ക്രൈം ബ്രാഞ്ച് സംഘം ഉറപ്പിച്ചത്. ശാത്രീയ തെളിവുകളടക്കം ശേഖരിച്ച് എട്ട് മാസത്തിലേറെയായി നടന്ന അന്വേഷണത്തിലൊടുവിലാണ് പ്രതി നസീറിനെ 23ന് അറസ്റ്റ് ചെയ്യുന്നത്. മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ താൻ യുവതിയെ ലൈംഗികമായി ഉപ്രദവിച്ച ശേഷം പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നസീർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.