Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ പൊറുതിമുട്ടി ജനം. മലപ്പുറം കാളികാവില്‍ വീണ്ടും കടുവ പശുവിനെ കൊന്നു. മലപ്പുറം കാളികാവ് അടക്കാക്കുണ്ടിലാണ് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്.
തൊഴുത്തില്‍ കെട്ടിയിട്ട പശുവിനെ കടുവ കൊന്നു. അടക്കാക്കുണ്ട് അമ്പതേക്കറിലെ ജോസിന്റെ തൊഴുത്തില്‍ നിന്ന് കൊണ്ടുപോയ പശുവിന്റെ ജഡം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
വയനാട് ചൂരല്‍മലയില്‍ പുലി സാന്നിധ്യംസ്ഥിരീകരിച്ചു. വയനാട് ചൂരല്‍മലയില്‍ വില്ലേജ് റോഡില്‍ ഗോപിമൂല പ്രദേശത്താണ് പുലി ഇറങ്ങിയത്. സിസിടിവിയില്‍ പുലിയുടെ ചിത്രം പതിഞ്ഞു. പ്രദേശത്ത് നേരത്തെയും പുലി ഇറങ്ങിയിട്ടുണ്ട്. വയനാട് ചീരാലില്‍ കരടിയിറങ്ങി. കിഴക്കേ പാട്ടത്ത് കവിയില്‍ ജോസിന്റെ വീടിന് സമീപത്തെ കൃഷിയിടത്തിലാണ് കരടിയെ കണ്ടത്.
തൃശ്ശൂര്‍ ചൊക്കന ഹാരിസന്‍ എസ്റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവ് കാട്ടാന ആക്രമിച്ചു. ബംഗ്ലാവിനു പുറകിലെ അടുക്കളുടെ ഭിത്തിയിലുള്ള ഗ്രില്ലു തകര്‍ത്തു. സാധനസാമഗ്രികള്‍ വലിച്ചു പുറത്തിട്ടു. തൃശൂര്‍ ചൊക്കനയില്‍ കാട്ടാന ആക്രമണമുണ്ടായി. തൃശൂര്‍ പാലപ്പിള്ളിയില്‍ പിള്ളത്തോട് പാലത്തിന് സമീപം ആണ് ആന ഇറങ്ങി. രണ്ട് കൂട്ടങ്ങളിലായി 30 ആനകളാണ് നാട്ടിലിറങ്ങിയത്.
പാലക്കാട് ചികിത്സ നല്‍കി കാടുകയറ്റിയ കാട്ടാന വനാതിര്‍ത്തിയിലെത്തി. മലമ്പുഴ മാന്തുരുത്തിയിലാണ് പിടി5 ഉള്ളത്. കോതമംഗലം പുന്നേക്കാട് - തട്ടേക്കാട് റോഡിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് തുരത്തി.