പി.എഫ്.ഐ ഹർത്താൽ: ആലപ്പുഴ,എറണാകുളം,കോഴിക്കോട് ജില്ലകളില്‍ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾക്ക് നേരെ കല്ലേറ്

കോഴിക്കോട് കെ.എസ്.ആര് .ടി.സി ബസുകൾ സർവീസ് നിർത്തി വെച്ചു

Update: 2022-09-23 02:17 GMT
Editor : Lissy P | By : Web Desk
Advertising

ആലപ്പുഴ: പോപുലർഫ്രണ്ടിന്റെ ഹർത്താലിനിടെ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്. രണ്ട് കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി, കാർ എന്നിവയുടെ ചില്ല് തകർന്നു.രാവിലെ 6.30 ഓടെയാണ് സംഭവം. രണ്ടു യാത്രക്കാരാണ് കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.കല്ലെറിഞ്ഞവർ ബൈക്കിൽ രക്ഷപ്പെട്ടതായി ബസിലെ ഡ്രൈവറും കണ്ടക്ടറും മീഡിയവണിനോട് പറഞ്ഞു.

എറണാകുളം ആലുവ ചാലക്കൽ പകലോമറ്റത്ത് കെ.എസ്.ആർ.ടി.സിബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരം അട്ടക്കുളങ്ങരയിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസിന്റെപിറകിലെ ചില്ല് തകർന്നു. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിനു നേരെയായിരുന്നു അക്രമം. മുന്നിലും പിറകിലുമായി ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞതെന്ന് ബസ് ഡ്രൈവർ പറഞ്ഞു. നിറയെ യാത്രക്കാരുമായി പോകുമ്പോഴാണ് കല്ലേറുണ്ടായിരുന്നത്.

തൃശൂർ നിന്നും കണ്ണൂരിലേക് പോകുകയായിരുന്നു ബസിനു നേരെ ഫറോക്ക് നല്ലളത്തു വെച്ച് കല്ലേറ്ഉണ്ടായി. കോഴിക്കോട് നടക്കാവിൽ ബംഗളുരുവിനു പോകുകയായിരുന്ന ബസിനു നേരെയും കല്ലെറുണ്ടായി. ഇതോടെ കോഴിക്കോട് കെ.എസ്.ആര് .ടി.സി ബസുകൾ സർവീസ് നിർത്തി വെച്ചു. ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി

അതേസമയം, തിരുവനന്തപുരം കാട്ടാകടയിൽ ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞു. ഹര്‍ത്താല്‍ തുടങ്ങി ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ഓട്ടോകളും അടക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ പലയിടത്തും ഓടുന്നില്ല. റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും അകപ്പെട്ടു പോയര്‍വര്‍ക്ക് പൊലീസടക്കമുള്ളവര്‍ ഗതാഗത സൗകര്യം ഒരുക്കുന്നുണ്ട്. മിക്ക ജില്ലകളിലും കടകളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്.

രാജ്യവ്യാപകമായി എൻ.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. അതേസമയം, ഹർത്താലിനോടനുബന്ധിച്ച് നടക്കുന്ന അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കർശന നടപടിയുമായി പൊലീസ് രംഗത്തുണ്ട്.

ഹർത്താലിനിടെ അക്രമമുണ്ടായാൽ ഉടനടി അറസ്റ്റുണ്ടാകും. നിർബന്ധിച്ച് കടകളടപ്പിക്കരുതെന്നും ജനങ്ങളുടെ സഞ്ചാരം തടയരുത് എന്നും പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. വിവിധ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി. മഹാത്മാ ഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.പുതിയ തിയതി പിന്നീട് അറിയിക്കും. കണ്ണൂർ സർവകലാശാലയും നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു.

ഹർത്താലുമായി ബന്ധപ്പെട്ട് വാട്ട്‌സ് ആപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങൾ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി വിജയ് സാഖറെ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യമാധ്യമങ്ങളിൽ സൈബർ പെട്രോളിങ് ആരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾക്കും ആവശ്യമായ സുരക്ഷ ഒരുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമാണ് എൻ.ഐ.എ, ഇ.ഡി റെയ്ഡ് നടത്തിയത്. പോപുലർ ഫ്രണ്ടിൻറെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News