മുണ്ടുടുത്ത് പിണറായിയുടെ കരം ഗ്രഹിച്ച് പ്രധാനമന്ത്രി; മലയാളത്തിൽ ഓണാശംസ

മലയാളത്തിലായിരുന്നു പ്രധാനമന്ത്രി മോദി പ്രസംഗം തുടങ്ങിയത്

Update: 2022-09-01 12:04 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: മലയാളി ഓണാഘോഷത്തിരക്കിലേക്ക് നീങ്ങുമ്പോൾ പാരമ്പര്യ മലയാള വേഷത്തില്‍ കൊച്ചിയില്‍ പറന്നിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുണ്ടും ഷര്‍ട്ടും കസവ് ഷാളും അണിഞ്ഞാണ് മോദി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കരം ഗ്രഹിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഡി.ജി.പി അനിൽ കാന്ത്, അൻവർ സാദത്ത് എം.എൽ.എ തുടങ്ങിയവരും പ്രധാനന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം നേരെ തൊട്ടടുത്തുള്ള ബി.ജെ.പി പൊതുസമ്മേളന വേദിയിലെത്തി. എല്ലാവർക്കും നമസ്‌കാരം പറഞ്ഞ് മലയാളത്തിലായിരുന്നു പ്രസംഗം തുടങ്ങിയത്. ''ഇത്തവണയും എനിക്ക് എല്ലാവരെയും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കേരളം സാംസ്‌കാരിക വൈവിധ്യവും പാരമ്പര്യവും മനോഹരമായ പ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണ്.''-മോദി പ്രസംഗത്തില്‍ പറഞ്ഞു മുഴുമിപ്പിച്ചു. തുടര്‍ന്നാണ് ഹിന്ദിയില്‍ മറ്റു വിഷയങ്ങളിലേക്ക് കടന്നത്.

'നമസ്‌കാരം... ഇത്തവണയും എല്ലാവരെയും കാണാൻ സാധിച്ചതിൽ....'

'നമസ്‌കാരം... ഇത്തവണയും എല്ലാവരെയും കാണാൻ സാധിച്ചതിൽ....' കൊച്ചിയിലെ ബി.ജെ.പി പരിപാടിയിൽ മലയാളത്തിൽ പ്രസംഗിച്ച് നരേന്ദ്രമോദി

Posted by MediaoneTV on Thursday, September 1, 2022

ബി.ജെ.പി പരിപാടിക്കുശേഷം വൈകീട്ട് ആറിന് നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെന്ററിൽ വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിക്കും. കൊച്ചി മെട്രോയുടെ പേട്ട-എസ്.എൻ ജങ്ഷൻ പാതയുടെ ഉദ്ഘാടനം, കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം, കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാതയുടെ ഉദ്ഘാടനം തുടങ്ങിയവ ചടങ്ങിൽ നടക്കും. തുടർന്ന് കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും.

വെല്ലിങ്ടൺ ദ്വീപിലെ സ്വകാര്യ ഹോട്ടലിൽ രാത്രി ഒൻപതിന് ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. ഇവിടെത്തന്നെയാണ് ഇന്ന് താമസവും ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ 9.30ന് കൊച്ചി കപ്പൽശാലയിൽ ഐ.എൻ.എസ് വിക്രാന്ത് വിമാനവാഹിനിക്കപ്പൽ കമ്മിഷൻ ചെയ്യും. തുടർന്ന് കേരളത്തിലെ പര്യടനം അവസാനിപ്പിച്ച് മംഗളൂരുവിലേക്ക് തിരിക്കും.

Summary: PM Narendra Modi arrives in Kerala in traditional Malayalee attire, Mundu and kasavu shawl

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News