'ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ജനം ലീഗ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ചത്'; കോൺഗ്രസിന് ഒളിയമ്പുമായി പി.എം.എ സലാം

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ലീഗ് നേട്ടം ഉയർത്തിക്കാട്ടിയ സലാം യു.ഡി.എഫ് വിജയത്തെക്കുറിച്ച് പരാമർശിച്ചില്ലെന്നതും ശ്രദ്ധേയമാണ്

Update: 2024-02-23 15:12 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: മൂന്നാം സീറ്റ് വിഷയത്തിൽ നിലപാട് കടുപ്പിച്ചതിനു പിന്നാലെ കോൺഗ്രസിന് ഒളിയമ്പുമായി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ജനം ലീഗ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ചതെന്ന് സലാം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാർത്ഥികളുടെ വിജയം സൂചിപ്പിച്ചാണ് കുറിപ്പ്. കൂടുതൽ കരുത്തോടെ ലീഗ് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റിൽ യു.ഡി.എഫ് വിജയത്തെക്കുറിച്ച് ഒരു പരാമർശവുമില്ല എന്നതും ശ്രദ്ധേയമാണ്.

മുസ്‍ലിം ലീഗിന്റെ ജനകീയാടിത്തറ കരുത്തുറ്റതാണെന്ന് തെളിയിക്കുന്ന അഭിമാനകരമായ വിജയമാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചതെന്ന് പോസ്റ്റിൽ സലാം അവകാശപ്പെട്ടു. മത്സരിച്ച മുഴുവൻ സീറ്റിലും വലിയ ഭൂരിപക്ഷത്തിലാണ് ലീഗ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയുന്നത് കൊണ്ടാണ് മുൻ തെരഞ്ഞെടുപ്പുകളെക്കാൾ ഭൂരിപക്ഷം നൽകി മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ ബഹുജനം വിജയിപ്പിക്കുന്നത്. ഈ മുന്നേറ്റം പാർട്ടിയുടെ ഉത്തരവാദിത്തം വർധിപ്പിക്കുകയാണ്. കൂടുതൽ കരുത്തോടെ മുസ്‌ലിം ലീഗ് മുന്നോട്ടുപോകുമെന്നും അദ്ദേഹം കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ലീഗ്. സീറ്റ് ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്നതടക്കമുള്ള കടുത്ത തീരുമാനത്തിലേക്ക് ലീഗ് പോകുമെന്നാണ് റിപ്പോർട്ട്. 25ന് ചേരുന്ന യു.ഡി.എഫ് യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.

അധിക സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ, മൂന്നാം സീറ്റ് നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. രാജ്യസഭാ സീറ്റ് നൽകാനും കോൺഗ്രസ് നേതൃത്വം ഒരുക്കമല്ല.

Full View

മൂന്നാം സീറ്റ് ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് ഒരു കാര്യം പറഞ്ഞാൽ അതിൽ ഉറച്ചുനിൽക്കുമെന്നാണ് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. നേരത്തെ എടുത്ത നിലപാടിൽ ഒരു വ്യത്യാസവുമില്ല. കാര്യങ്ങൾ തീരുമാനമാകുമ്പോൾ വ്യക്തമായി പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

Summary: PMA Salam, State General Secretary of the Muslim League, took a jab at the Congress after tightening its stance on the third seat in Lok Sabha elections

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News