Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: വധഭീഷണി നടത്തിയെന്നും ഗർഭഛിത്രം നടത്താൻ പെൺകുട്ടിയെ പ്രേരിപ്പിച്ചന്നും കാണിച്ചു രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസിൽ പരാതി. ചാനൽ വാർത്തകൾ കൂടി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് കേരള കർഷക കോൺഗ്രസ് നേതാവ് എ.എച്ച് ഹഫീസ് നൽകിയ പരാതിയിൽ പറയുന്നു.
ഈ വിവരം അറിഞ്ഞിട്ടും എംപിമാരായ ഷാഫി പറമ്പിൽ പൊലീസിൽ പരാതിയുണ്ടോ എന്ന് ചോദിച്ചു കുറ്റക്കാരനായ എംഎൽഎ ന്യായീകരിച്ചുവെന്നും അൽപ വസ്ത്രധാരികളായ സ്ത്രീകളെന്ന രീതിയിൽ കാര്യങ്ങൾ വെളിപ്പെടുത്തിയവരെ ശ്രീകണ്ഠൻ എംപി ആക്ഷേപിച്ചു എന്നും പരാതിയിൽ പറയുന്നു. ഭാരതീയ നിയമ സംഹിത 28, 61, 69, 75, 78, 79, 89 വകുപ്പുകൾ പ്രകാരവും കൂട്ടായി ഇരകളെ ഭീഷണിപ്പെടുത്തുന്ന ഉൾപ്പെടെയുള്ള വകുപ്പു ഉൾപ്പെടുത്തി പ്രതികൾക്കെതിരെ കേസെടുക്കാമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കൾ. രാഹുൽ എംഎൽഎ രാജിവെച്ചേ തീരൂ എന്ന നിലപടിൽ ഉറച്ചുനിൽക്കുകയാണ് രമേശ് ചെന്നിത്തല. ഇനിയും ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്നും എത്രയും വേഗം രാഹുലിനെ രാജിവെപ്പിക്കണമെന്നും കെപിസിസി അധ്യക്ഷനെയും എഐസിസി നേതൃത്വത്തെയും രമേശ് ചെന്നിത്തല നിലപാട് അറിയിച്ചു. കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകാനും സാധ്യതയെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടത് അനിവാര്യമാണെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇക്കാര്യം സതീശൻ ഹൈക്കമാൻഡിനേയും അറിയിച്ചു. രാഹുൽ രാജിവെച്ചാൽ അത് എതിരാളികൾക്ക് മേൽ മുൻതൂക്കം നേടാൻ കോൺഗ്രസിന് അവസരം ഒരുക്കുമെന്നും സതീശനെ പിന്തുണക്കുന്ന നേതാക്കളും വിലയിരുത്തുന്നു.