പീഡനക്കുറ്റം ചുമത്തും; ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളിലിനെ തേടി പൊലീസ്

എം.എല്‍.എ ഓഫീസില്‍ വരാതെയും ഔദ്യോഗിക നമ്പരടക്കം സ്വിച്ച് ഓഫ് ചെയ്തും എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ നാല് ദിവസമായി ഒളിവിലാണ്

Update: 2022-10-13 07:57 GMT

മർദിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിലിനെ കണ്ടെത്താനുള്ള നടപടികള്‍ ശക്തമാക്കി പൊലീസ്. എം.എല്‍.എയ്ക്കെതിരെ പീഡനം ഉള്‍പ്പെടെയുള്ള കൂടുതല്‍ ഗുരുതര കുറ്റങ്ങള്‍ ചുമത്താനും തീരുമാനമായി.തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഫേസ് ബുക്കിലൂടെ എം.എല്‍.എ പ്രതികരിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കോവളം എസ്.എച്ച്.ഒയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും തീരുമാനമായി.

എം.എല്‍.എ ഓഫീസില്‍ വരാതെയും മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കാതെയും ഔദ്യോഗിക നമ്പരുകളടക്കം സ്വിച്ച് ഓഫ് ചെയ്തും എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ നാല് ദിവസമായി ഒളിവിലാണ്. അതിനിടെ ഫേസ്ബുക്കില്‍ ഏതാനും വരികളെഴുതി ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ചു. പരാതിക്കാരിയെ ക്രിമിനല്‍ എന്നാണ് എം.എല്‍.എ വിശേഷിപ്പിക്കുന്നത്. എന്നാല്‍ എം.എല്‍.എയുടെ അറസ്റ്റിലേക്ക് തന്നെയാണ് പൊലീസിന്റെ നീക്കം.

Advertising
Advertising

ഇന്നലെ വിശദ മൊഴിയെടുത്തപ്പോള്‍ പീഡനവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ പരാതിക്കാരി ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ചു. അതിനാല്‍ പീഡനക്കുറ്റം കൂടി ചുമത്തി അന്വേഷണസംഘം പ്രത്യേക റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും. ശനിയാഴ്ചയാണ് എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. അതിന് ശേഷമാകും അറസ്റ്റ്. എങ്കിലും അതിന് മുന്‍പ് തന്നെ എം.എല്‍.എയെ കണ്ടെത്തി അറസ്റ്റിനുള്ള മുന്നൊരുക്കമെല്ലാം പൂര്‍ത്തിയാക്കാനാണ് തീരുമാനം. എം.എല്‍.എയ്ക്കെതിരെ പാര്‍ട്ടി അന്വേഷണവും തുടരുകയാണ്.

എം.എല്‍.എയ്ക്കൊപ്പം ചേര്‍ന്ന് ഭീഷണിപ്പെടുത്താനും കേസൊതുക്കാനും ശ്രമിച്ചെന്ന പരാതിയില്‍ കോവളം എസ്.എച്ച്.ഒ ജി.പ്രൈജുവിനെതിരെ വകുപ്പുതല അന്വേഷണവും തുടങ്ങി. പ്രൈജുവിനെ ഇന്നലെ സ്ഥലംമാറ്റിയിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News