രാഹുലിനെതിരായ കേസ്;യുവതിയുമായുള്ള ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ അന്വേഷണസംഘം

രാഹുലിനെ കണ്ടെത്താനുളള നീക്കവും പൊലീസ് സജീവമാക്കി

Update: 2025-11-30 02:37 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ  ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാൻ അന്വേഷണസംഘം.തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് ഇന്ന് യുവതിയുടെ ശബ്ദ സാമ്പിൾ പരിശോധിക്കും.പുറത്തുവന്ന യുവതിയുടെയും രാഹുലിന്റെയും ശബ്ദമാണെന്ന് സ്ഥിരീകരിക്കാനാണ് നീക്കം.

അതിനിടെ, പരാതിക്കാരിയായ യുവതിയുടെ സുഹൃത്തുക്കളുടെയും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉണ്ടായിരുന്നവരുടെയും മൊഴി അന്വേഷണസംഘം ഉടൻ രേഖപ്പെടുത്തും.രാഹുലിനെ കണ്ടെത്താനുളള നീക്കവും പൊലീസ് സജീവമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ വരുന്ന ബുധനാഴ്ചയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കുന്നത്. ഇതിനുമുൻപ് രാഹുലിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. യുവതിയെ ഗർഭഛിദ്രത്തിന് രാഹുൽ പ്രേരിപ്പിച്ചതിനുള്ള തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. മെഡിക്കൽ രേഖകൾക്കൊപ്പം പരമാവധി മൊഴികൾ കൂടി ശേഖരിക്കുകയാണ്. ഇതിന്‍റെ ഭാഗമായാണ് യുവതിയുടെ സുഹൃത്തുക്കളുടെയും ഇവർ താമസിക്കുന്ന ഫ്ലാറ്റിലുള്ളവരുടെയും മൊഴിയെടുക്കാൻ തീരുമാനിച്ചത്.

Advertising
Advertising

മുൻകൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുമ്പോൾ ഇക്കാര്യങ്ങൾ അടക്കം പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടും. രാഹുലിന് ജാമ്യം നൽകരുതെന്ന നിലപാടായിരിക്കും സ്വീകരിക്കുക. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകുന്ന സമയത്ത് രാഹുൽ പാലക്കാട് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് രാഹുലിനെ കുറിച്ച് വിവരമില്ല.

രാഹുലിന്റെ ഫോണിൽ ലൊക്കേഷൻ പാലക്കാടാണ് കാണിക്കുന്നത്. എന്നാൽ സ്വന്തം ഫോൺ രാഹുൽ പാലക്കാട് വെച്ച ശേഷമാണ് മറ്റിടങ്ങിലേക്ക് മാറുന്നതെന്നാണ് പൊലീസിന്റെ നിഗമനം. രാഹുലിന്റെ അറസ്റ്റിൽ ആഭ്യന്തര വകുപ്പ് ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. എങ്കിലും അറസ്റ്റ് രാഹുൽ പ്രതീക്ഷിക്കുന്നുണ്ട്. അതിനാലാണ് കേസെടുത്തതിന് പിന്നാലെ രാഹുൽ മുങ്ങിയതും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News