മാങ്ങ മോഷ്ടിച്ച പൊലീസുകാരന്റെ തൊപ്പിതെറിച്ചു; പി വി ഷിഹാബിനെ പിരിച്ചുവിട്ടത് ഇടുക്കി ജില്ലാ പൊലീസ് മേധാവി

കഴിഞ്ഞ സെപ്തംബറിലാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പച്ചക്കറിക്കടയിൽ നിന്ന് ഷിഹാബ് 10 കിലോ മാങ്ങ മോഷ്ടിച്ചത്

Update: 2023-04-26 11:20 GMT
Editor : abs | By : Web Desk
Advertising

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ മാങ്ങ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരൻ പി.വി ഷിഹാബിനെ പിരിച്ചുവിട്ടു. ഇടുക്കി എ. ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറായിരുന്നു പി.വി.ഷിഹാബ്. ഇടുക്കി എസ്പി യുടേതാണ് നടപടി. സർവീസിലിരിക്കെയും മുമ്പും കേസുകളിൽ പ്രതിയാണെന്നും മാങ്ങാ മോഷണവുമായി ബന്ധപ്പെട്ട് ഷിഹാബിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും എസ്പി പറഞ്ഞു.

പിരിച്ചുവിടാനുള്ള പൊലീസുകാരുടെ പട്ടികയിൽ ഷിഹാബിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. പിന്നാലെ പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എസ്പി  ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. മാങ്ങാമോഷണത്തിന് പുറമേ മറ്റ് രണ്ട് കേസുകളിൽ അച്ചടക്കനടപടി നേരിട്ടിട്ടുള്ളതും പിരിച്ചുവിടാനുള്ള പട്ടികയിലേയ്ക്ക് ഷിഹാബിന്റെ പേര് വരുന്നതിന് കാരണമായിരുന്നു.

കഴിഞ്ഞ  സെപ്തംബറിലാണ് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പച്ചക്കറിക്കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച കേസിൽ ഷിഹാബ് പിടിയിലാവുന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടിച്ചത് ഷിഹാബാണെന്ന് തിരിച്ചറിഞ്ഞത്. 

600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴം മോഷണം പോയെന്നാണ് കടയുടമയുടെ പരാതി. മോഷണത്തിന് കേസെടുത്തെങ്കിലും പിന്നീട് കടക്കാരന്‍ പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി കേസ് ഒത്തുതീർപ്പാക്കി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News