'ഫോട്ടോ കണ്ടാൽപ്പോലും തിരിച്ചറിയാത്തവരാണോ കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത്'; ആലുവയിൽ പോസ്റ്റർ പ്രതിഷേധം
സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ
ആലുവ: കെപിസിസി നേതൃമാറ്റം സംബന്ധിച്ച് പ്രതിഷേധവുമായി എറണാകുളം ആലുവയിൽ വ്യാപക പോസ്റ്റർ. ഫോട്ടോ കണ്ടാൽ സാധാരണ കോണ്‍ഗ്രസ് പ്രവർത്തകർ പോലും തിരിച്ചറിയാത്ത ആന്റോ ആന്റണിയും, സണ്ണി ജോസഫുംഅല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് എന്നാണ് പോസ്റ്ററിൽ ഉള്ളത്.
ആലുവ പ്രൈവറ്റ് ബസ്റ്റാൻഡ്, മുട്ടം, കളമശ്ശേരി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ പോസ്റ്റർ പതിച്ചിട്ടുണ്ട്..സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ.
കെപിസിസിയിൽ നേതൃമാറ്റം ഉടൻ ഉണ്ടായേക്കുമെന്ന് പുറത്ത് വരുന്ന വിവരങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പ് വരെ കെ.സുധാകരൻ തുടരുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ അവകാശപ്പെടുമ്പോഴും ചർച്ചകളുമായി ഹൈക്കമാൻഡ് മുന്നോട്ട് പോവുകയാണ്. നിലവിൽ ആൻ്റോ ആൻ്റണിയുടെ പേരിനു മുൻതൂക്കം ഉണ്ട്.സണ്ണി ജോസഫിൻ്റെ പേരും പരിഗണനയിലുണ്ട്.
എന്നാല്‍ , കെപിസിസി നേതൃത്വത്തിൽ നിന്ന് മാറണമെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും സുധാകരൻ പറഞ്ഞു. സംഘടനാതലത്തിൽ കേരളത്തിൽ ശക്തമാണെന്നും നേതൃമാറ്റം ഉണ്ടാകുമെന്ന വാർത്തയ്ക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടാകുമെന്നും സുധാകരൻ മീഡിയവണിനോട് പറഞ്ഞു.അധ്യക്ഷസ്ഥാനത്ത് നിന്ന് മാറില്ലെന്ന സുധാകരന്റെ പ്രസ്താവന ഹൈക്കമാന്റിനുള്ള സന്ദേശമായാണ് കണക്കാക്കുന്നത്. നേതൃമാറ്റം ഹൈക്കമാന്‍റ് തന്നോടു ചർച്ച ചെയ്തിട്ടില്ലെന്ന സുധാകരന്റെ വാക്കുകളും കൃത്യമായ ലക്ഷ്യത്തോടെയുള്ളതാണ്.