'പ്രഫുൽ പട്ടേൽ രാജാവല്ല, കത്ത് ഗൗരവത്തിലെടുക്കുന്നില്ല, രാജിവെക്കില്ല': മന്ത്രി എ.കെ ശശീന്ദ്രൻ
''കത്തിനെ എങ്ങനെ നേരിടണം എന്നതിൽ നിയമോപദേശം തേടും, താനോ തോമസ് കെ തോമസോ രാജിവെയ്ക്കില്ല''
കോഴിക്കോട്: പാർട്ടിയിൽ പ്രഫുൽ പട്ടേലിന്റെ പദവി എന്താണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ഇല്ലാത്ത പദവിയുടെ പേരിൽ അധികാരം പ്രയോഗിക്കാൻ പ്രഫുൽ പട്ടേലിന് കഴിയില്ലെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
'വിശ്വസിക്കുന്ന പാർട്ടിയുടെ ഭരണഘടന വായിക്കണം. ഇത് പ്രകാരം പാർട്ടിയിൽ വർക്കിംഗ് പ്രസിഡന്റ് സ്ഥാനമില്ല. അദ്ദേഹം രാജാവല്ല. കത്ത് ഗൗരവത്തിൽ എടുക്കുന്നില്ല. കത്തിനെ എങ്ങനെ നേരിടണം എന്നതിൽ നിയമോപദേശം തേടും, താനോ തോമസ് കെ തോമസോ രാജിവെയ്ക്കില്ല'- ശശീന്ദ്രൻ പറഞ്ഞു.
''അജിത് പവാർ പക്ഷത്തെ ഔദ്യോഗിക പക്ഷം ആക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രിംകോടതി ഹരജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഹർജിയിൽ തീരുമാനം ആകുന്നത് വരെ ഇങ്ങനെ ഒരു നടപടി സാധ്യമാകില്ല. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയത്തിൽ ധൃതി പിടിച്ച് തീരുമാനം എടുക്കുന്നത് എന്തിനാണ്. അച്ചടക്ക നടപടിക്ക് വഴങ്ങില്ല''- എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
എൻസിപി മന്ത്രിമാരായ എ.കെ.ശശീന്ദ്രനും സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ തോമസ് കെ.തോമസും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ കത്തയച്ചിരുന്നു. കേരളത്തിലെ എൻസിപി എംഎൽഎമാർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഇരുവരും ശരദ് പവാറിനെ പിന്തുണയ്ക്കുന്നതാണ് അജിത് പവാർ വിഭാഗത്തെ ചൊടിപ്പിക്കുന്നത്.